ഓടയുണ്ട്, വെള്ളക്കെട്ടും; പൈങ്ങണയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയില്ല

മുണ്ടക്കയം∙ ഓടയുണ്ട് പക്ഷേ, വെള്ളക്കെട്ട് മാറണമെങ്കിൽ വെയിൽ കനിയണം. ഇതാണ് പൈങ്ങണയിലെ അവസ്ഥ. ദേശീയപാതയിൽ ബൈപാസ് റോഡിലേക്ക് തിരിയുന്നതിന് തൊട്ടു മുൻപിലാണു റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നത്. രാവിലെ മഴ പെയ്താൽ വെയിൽ തെളിഞ്ഞ് കെട്ടിക്കിടക്കുന്ന വെള്ളം വറ്റുന്ന വരെ വെള്ളത്തിലൂടെയുള്ള ദുരിത യാത്രയല്ലാതെ മറ്റു വഴിയില്ല.

റോഡ് നവീകരണത്തിന്റെ ഭാഗമായി ഓടയും കലുങ്കും ഇവിടെ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും വെള്ളം ഒഴുകി പോകാത്തതുമൂലം കെട്ടിക്കിടക്കുകയാണ് പതിവ്. വലിയ മഴ പെയ്താൽ വെള്ളക്കെട്ടിന്റെ ആഴവും കൂടും. ഇതോടെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപെടുന്നതു പതിവാണ്. വേഗത്തിൽ എത്തുന്ന വാഹനങ്ങൾ വെള്ളം കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും ചില വാഹനങ്ങൾ വേഗത്തിൽ കടന്നു പോകുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. 

അതോടൊപ്പം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന ആളുകളുടെ ദേഹത്തു വെള്ളം തെറിക്കുന്നത് പതിവാണ്.വെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡ് തകരാനുള്ള സാധ്യതയും നിലവിലുണ്ട്. ഓടകൾ തുറന്ന് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

error: Content is protected !!