ഈരാറ്റുപേട്ട നഗരസഭാ തിരഞ്ഞെടുപ്പ് എൽഡിഎഫ് മത്സരിക്കുന്നില്ല

ഈരാറ്റുപേട്ട ∙ നാളത്തെ ഈരാറ്റുപേട്ട നഗരസഭാ ചെയർപഴ്സൻ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിൽക്കാൻ എൽഡിഎഫ് തീരുമാനിച്ചു. ഇതോടെ യുഡിഎഫ് വീണ്ടും അധികാരത്തിൽ എത്താൻ സാധ്യതയേറി.സ്വന്തം നിലയിൽ മത്സരിച്ചു വിജയിക്കാൻ സാധിക്കില്ല എന്നതിനാലും വർഗീയ കക്ഷികളുടെ പിന്തുണയോടെ അധികാരത്തിലെത്താൻ താൽപര്യമില്ലാത്തതിനാലും പിന്മാറുന്നുവെന്നാണ് എൽഡിഎഫിന്റെ അറിയിപ്പ്. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ സാന്നിധ്യത്തിൽ പ്രാദേശിക തലത്തിൽ യോഗം ചേർന്നാണ് വിട്ടുനിൽക്കാൻ തീരുമാനം എടുത്തത്. ജയസാധ്യത ഇല്ലാത്തതിനാലാണ്   പിന്മാറുന്നതെന്നും എ.വി. റസൽ പറഞ്ഞു.

നഗരസഭയിൽ 28 അംഗ ഭരണസമിതിയിൽ യുഡിഎഫിന് തുടക്കത്തിൽ 14 അംഗങ്ങളുണ്ടായിരുന്നു. എൽഡിഎഫിന് ഒൻപതും എസ്ഡിപിഐക്ക് അഞ്ചും അംഗങ്ങളുണ്ട്. യുഡിഎഫിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച അംഗത്തിന്റെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം വിജയിച്ചത്.  എസ്ഡിപിഐ ബന്ധം ചർച്ചയായതോടെ സിപിഎം സംസ്ഥാന–ജില്ലാ നേതൃത്വം ഇടപെട്ടു. ഇതോടെയാണ് വിട്ടു നിൽക്കാൻ സിപിഎം തീരുമാനിച്ചത്. എൽഡിഎഫ് പിന്മാറിയ സാഹചര്യത്തിൽ നിലവിൽ 13 അംഗങ്ങളുള്ള യുഡിഎഫിന് ജയിക്കാം.

error: Content is protected !!