മണിമല കുടിവെള്ളപദ്ധതിയുടെ കിണർ ഉപയോഗശൂന്യം
മണിമല കുടിവെള്ളപദ്ധതിക്കായി കുഴിച്ച കിണറും പമ്പ് ഹൗസും
മണിമല: അഞ്ച് വില്ലേജുകളിലേക്ക് കുടിവെള്ളമെത്തിക്കാൻ 2007-ൽ നിർമാണമാരംഭിച്ച പദ്ധതിയുടെ കിണറ്റിൽ വെള്ളമില്ലാതായി.
കിണർ ഏറത്തുവടകര മാരൂർ കടവിൽ മണിമലയാർ തീരത്താണ് നിർമിച്ചിരുന്നത്. 90 ലക്ഷം ലിറ്റർ ശേഷിയുള്ള കുളത്തുങ്കലിലെ ശുദ്ധീകരണശാലയിലേക്ക് വെള്ളമെത്തിക്കാൻ ആറ് മീറ്റർ വ്യാസമുള്ള കിണർ നിർമിച്ച് പമ്പ്ഹൗസും സ്ഥാപിച്ചിരുന്നു.
കുളത്തുങ്കലിലെ ടാങ്കിലും അഞ്ച് വില്ലേജുകളിലെ വിതരണടാങ്കുകളിലും വെള്ളമെത്തിയിരുന്നു. കളത്തുങ്കലിനു സമീപവും മണിമല പഞ്ചായത്തിലും ഏതാനും വിതരണടാപ്പുകൾ നൽകി വെള്ളമെത്തിച്ചു. കഴിഞ്ഞ ഒക്ടോബർ 16- നുണ്ടായ പ്രളയത്തിൽ കിണറ്റിലും കിണറ്റിലേക്ക് വെള്ളമെത്തിക്കുന്ന ചെറിയകിണറ്റിലും മണ്ണും ചെളിയും നിറഞ്ഞിരുന്നു. കിണറ്റിലെ മാലിന്യം നീക്കം ചെയ്തിട്ടും വെള്ളം എത്തിയില്ല.
കിണർ നിർമാണത്തിനുശേഷം കിണറ്റിൽ ആവശ്യത്തിന് വെള്ളം ലഭ്യമാക്കാൻ 2018- ൽ മണിമലയാറ്റിൽ മൂന്നുകോടി രൂപ ചെലവിൽ തടയണ നിർമിച്ചിരുന്നു. കിണറിനു സമീപം ആറ്റിൽ ജലവിതാനം ഉയർന്ന നിലയിലുണ്ട്.
കിണർ ഉപയോഗശൂന്യമായി നാല് മാസം കഴിഞ്ഞിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല.
കോടികൾ മുടക്കിയ പദ്ധതിയാരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ജനങ്ങൾക്ക് പ്രയോജനം ലഭിക്കാത്ത അവസ്ഥ തുടരുമ്പോൾ ജല അതോറിറ്റി ഈ പദ്ധതി ജൽ ജീവൻ മിഷനുമായി ചേർത്ത് നിർമ്മാണം പുനരാരംഭിച്ചു. ഒന്നാംഘട്ടമായി അഞ്ച് വില്ലേജുകളിൽ പതിനായിരത്തിലധികം വീടുകളിൽ കണക്ഷൻ നൽകാൻ പൈപ്പ് ലൈൻ വലിച്ച് വാട്ടർ മീറ്റർ സ്ഥാപിക്കുന്നജോലികളും പൂർത്തിയായി വരുന്നു.
കിണറ്റിൽ വെള്ളമില്ലാതായതോടെ ജൽജീവൻ പദ്ധതിയുമായി ചേർന്ന് നൽകിയ പൈപ്പ് ലൈനകളിൽ വെളളമെത്തുന്നുണ്ടോ എന്ന് ട്രയൽ റൺ നടത്താൻ പോലും പറ്റാത്ത സ്ഥിതിയാണിപ്പോൾ.