ഭാര്യയെ വെട്ടിയതിനു ശേഷം ഒളിവിൽ പോയ പിടികിട്ടാപ്പുള്ളി പിടിയിൽ
എരുമേലി: ഭാര്യയുടെ കഴുത്തിന് വെട്ടിയശേഷം ഒന്‍പത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടി. എരുമേലി പാക്കാനം ജയാഭവൻ വീട്ടിൽ വിജയാനന്ദ് (58) നെയാണ് എരുമേലി പോലിസ് പിടികുടിയത്.
2013 ല്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷമാണ് ഇയാൾ നാട് വിട്ടത്.
കോട്ടയം ജില്ലാ പോലിസ് മേധാവി ഡി ശിൽപ ഐ.പി.എസ് ജില്ലയിലെ സ്റ്റേഷനുകളിലെ കേസുകളിൽ പിടിക്കപ്പെടാതുള്ള പ്രതികളെ കണ്ടെത്താൻ നിർദേശം നൽകിയതോടെയാണ് വിജയാനന്ദ് എന്ന പഴയ പ്രതിയെ തേടി അന്വേഷണം ശക്തമാകുന്നത്.
ഇടുക്കി ജില്ലയിൽ മൂലമറ്റം മുട്ടം അരിയാനിപാറയില്‍ ആല്‍ബിൻ എന്ന കള്ള പേരില്‍ കഴിയുകയായിരുന്നു വിജയാനന്ദ്. ആദ്യ ഭാര്യയുടെയും രണ്ട് മക്കളുടെയും വിവരം മറച്ചു വെച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്ത് ഒളിവില്‍ കഴിഞ്ഞുവരവേയാണ് പിടിയിലായത് .
എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ മനോജ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്. ഐ. അനീഷ്, മനോജ്കുമാര്‍, ജോബി സെബാസ്റ്റ്യന്‍, സതീഷ് റ്റി.ജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.