പ്രിയപ്പെട്ട ഇന്ദു ടീച്ചർക്ക് ആയിരങ്ങളുടെ ബാഷ്പാഞ്ജലി ..
കഴിഞ്ഞ ദിവസം നിര്യാതയായ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, പൊടിമറ്റം ഇല്ലിക്കമുറിയിൽ ഇന്ദു ജോർജിന് ബന്ധുമിത്രാദികളും, സഹപ്രവർത്തകരും, ശിഷ്യഗണങ്ങളും അടക്കം ആയിരങ്ങൾ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി അർപ്പിച്ചു.
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകരായിക്കവേ പ്രണയിച്ച് വിവാഹം കഴിച്ച ‘തോമാച്ചൻ സാർ’ എന്ന് വിളിക്കപ്പെട്ട കണക്ക് അധ്യാപകൻ തോമസ് സാറും ഇംഗ്ലീഷ് അധ്യാപിക ഇന്ദു ടീച്ചറും മാതൃക ദമ്പതികൾ ആയിരുന്നു. മരിയ, അനിക എന്നീ രണ്ടു മിടുമിടുക്കി പെൺമക്കൾക്കൊപ്പം ഇവിടം സ്വർഗമാണ് എന്ന തരത്തിൽ വളരെ സന്തോഷഭരിതമായ ജീവിതം നയിച്ച അവരുടെ ജീവിതത്തിലേക്ക് പെട്ടെന്നാണ് ദുരന്തങ്ങൾ പെരുമഴ പെയ്യിച്ചത്. എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിപ്പിക്കവേ, ക്യാൻസർ ബാധിതനായി തോമാച്ചൻസാർ ചെറുപ്രായത്തിൽ ഓർമ്മയായപ്പോൾ, തളർന്നുപോയ ഇന്ദു ടീച്ചർ കുഞ്ഞുങ്ങള ചേർത്തുപിടിച്ചു ജീവിതം പതിയെപ്പതിയെ സാധാരണ നിലയിലേക്ക് കൊണ്ടുവരുവാൻ ശ്രമിച്ചപ്പോഴാണ് വീണ്ടും വിധിയുടെ വിളയാട്ടം ഉണ്ടായത്. അപൂർവങ്ങളിൽ അപ്പൂർവ്വമായ രോഗം ബാധിച്ച് പെട്ടെന്നൊരുനാൾ ഇന്ദു ടീച്ചർ അബോധാവസ്ഥയിലായി. രണ്ടു വർഷത്തോളം കോമ സ്റ്റേജിൽ കിടന്ന ടീച്ചർ തന്റെ പ്രിയതമനോടൊപ്പം ചേരുവാനായി രണ്ടു കുട്ടികളെ അനാഥരാക്കി യാത്രയായി..
തോമാച്ചൻ സാറും, ഇന്ദു ടീച്ചറും, തങ്ങളുടെ ശിഷ്യരെ സ്വന്തം കുട്ടികളെപോലെയാണ് കണ്ടിരുന്നത്. അതിനാൽ തന്നെ, തങ്ങളുടെ പ്രിയപ്പെട്ട ടീച്ചർക്ക് അന്ത്യാഞ്ജലി അർപ്പിക്കുവാൻ ആയിരങ്ങളാണ് നിറകണ്ണുകളോടെ പൊടിമറ്റം സെന്റ് മേരീസ് പള്ളിയിലേക്ക് ഒഴുകിയെത്തിയത് .
വീഡിയോ കാണുക :
ജീവിതത്തിലും ജോലിയിലും മാതൃകയായിരുന്നു ഇല്ലിക്കമുറിയിൽ തോമസ് സെബാസ്റ്റ്യനും (തോമാച്ചൻ) ഭാര്യ കരിപ്പാപ്പറമ്പിൽ ഇന്ദുവും. ഇരുവരും 1998ൽ കാഞ്ഞിരപ്പള്ളി രൂപതാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലെ സെന്റ് ഡൊമിനിക്സ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപകരായി ജോലിയിൽ പ്രവേശിച്ചു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി സ്കൂളിലെത്തുന്ന ഗണിത ശാസ്ത്ര അധ്യാപകനും ഇംഗ്ലിഷ് അധ്യാപികയും വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരരായിരുന്നു. സ്നേഹവും സൗഹൃദവും നിറച്ച് പാഠ്യവിഷയങ്ങൾ അവതരിപ്പിക്കുന്ന ഇരുവരും വിദ്യാർഥികൾക്ക് പഠനത്തിനു പ്രചോദനവും പ്രോത്സഹനവുമേകി. 2001 ഏപ്രിൽ 30നായിരുന്നു ഇവരുടെ വിവാഹം.
പിന്നീട് രൂപതയുടെ കീഴിലെ വിവിധ സ്കൂളുകളിൽ സേവനം ചെയ്ത തോമസ് എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായിരിക്കെ അർബുദ രോഗത്തെ തുടർന്ന് 2019 ഏപ്രിലിൽ 46-ാം വയസ്സിൽ മരിച്ചു. ഭർത്താവിന്റെ വേർപാട് മാനസികമായി തളർത്തിയെങ്കിലും 2പെൺമക്കളുടെ അമ്മയായ ഇവർ സങ്കടം ഉള്ളിലൊതുക്കി ജീവിതം മുന്നോട്ടു നയിക്കാൻ ശ്രമിച്ചെങ്കിലും വിധി അനുവദിച്ചില്ല.