KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ 4 ദിവസം ഇടിമിന്നലിനും മഴയ്ക്കും സാധ്യത

 കേരളത്തിൽ അടുത്ത നാലു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്കുപടിഞ്ഞാറൻ അറബിക്കടലിലുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇടിമിന്നൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും, വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നതിനാൽ ജാഗ്രത പാലിക്കണം.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻതന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്തു നിൽക്കരുത്. കെട്ടിടത്തിനകത്തുതന്നെ ഇരിക്കുകയും ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്തുതന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. മഴക്കാർ കാണുമ്പോൾ തുണി എടുക്കാൻ ടെറസ്സിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാമെന്നതിനാൽ ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കരുത്. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

error: Content is protected !!