കാഞ്ഞിരപ്പള്ളി ബൈപ്പാസ്; കോൺഗ്രസ് മാർച്ചിൽ സംഘർഷം

കാഞ്ഞിരപ്പള്ളി: ബൈപ്പാസ് നിർമാണം വൈകുന്നതിനെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഡോ. എൻ. ജയരാജ് എം.എൽ.എ.യുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. 

പോലീസുമായുണ്ടായ ഉന്തിലും തള്ളിലും കെ.എസ്.യു. ജില്ലാ സെക്രട്ടറി കെ.എൻ. നൈസാമിന്റെ കൈക്ക് പരിക്കേറ്റു. പേട്ടക്കവലയിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് എം.എൽ.എ. ഓഫീസിന് മുൻപായി പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പോലീസിന്റെ പ്രതിരോധം ഭേദിച്ച് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി.

ബൈപ്പാസ് നിർദേശിക്കപ്പെട്ടിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും സ്ഥലം ഏറ്റെടുത്ത് നിർമാണപ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തത് എം.എൽ.എയുടെ നിഷ്‌ക്രിയത്വം മൂലമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

കെ.പി.സി.സി. ജനറൽസെക്രട്ടറി പി.എ. സലിം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോണി കെ. ബേബി അധ്യക്ഷതവഹിച്ചു. ഡി.സി.സി. ജനറൽസെക്രട്ടറി പി.എ. ഷെമീർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ, ഡി.സി.സി. അംഗം രഞ്ജു തോമസ്, ജി. സുനിൽകുമാർ, നിബു ഷൗക്കത്ത്, എം.കെ. ഷെമീർ, രാജു തേക്കുംതോട്ടം, പി. മോഹനൻ, ബിനു കുന്നുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!