കൈക്കൂലി : കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

കൊക്കയാർ / മുണ്ടക്കയം : പടുതാക്കുളം പണിയാൻ ശുപാർശക്കത്ത് നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലൻസിന്റെ പിടിയിലായി. പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ. ഏലപ്പാറ മണ്ഡലം സെക്രട്ടേറിയറ്റംഗവുമായ കെ.എൽ.ദാനിയേലിനെയാണ് വിജിലൻസ് ഡിവൈ.എസ്.പി. ജെ.സന്തോഷ്‌കുമാറും സംഘവും പിടികൂടിയത്.

വെംബ്ലി വാർഡിലെ വെട്ടിക്കാനം ഭാഗത്ത് താമസക്കാരനായ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായ മാർട്ടിൻ കുര്യൻ വിജിലൻസ് ഡിവൈ.എസ്.പി.ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കിഴക്കൻ മേഖല വിജിലൻസ് എസ്.പി. വി.ജി.വിനോദ്കുമാറിന്റെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്.

തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് കാര്യാലയത്തിലെ വൈസ് പ്രസിഡന്റിന്റെ മുറിയിലായിരുന്നു സംഭവം. മാർട്ടിൻ കുര്യനും പിതാവും കനകപുരം വാർഡിലെ നിരവുപാറ ഭാഗത്ത് പടുതാക്കുളം നിർമാണത്തിന്റെ സബ്‌സിഡിക്കായി വാർഡംഗത്തിന്റെ ശുപാർശക്കത്ത് ആവശ്യപ്പെട്ടു. കൃഷിഭവനിൽ നൽകാനായിരുന്നു കത്ത്.

വാർഡംഗംകൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സമീപിച്ചപ്പോൾ, 1.20 ലക്ഷം രൂപ സബ്‌സിഡി ലഭിക്കുന്നതിന് ശുപാർശചെയ്യുന്നതിന് പതിനായിരം രൂപ ആവശ്യപ്പെട്ടു. മാർട്ടിൻ വിവരം വിജിലൻസിനെ അറിയിച്ചു. ഇവരുടെ നിർദേശപ്രകാരമാണ് മാർട്ടിൻ പണം നൽകിയത്. 

ചൊവ്വാഴ്ച രാവിലെ ദാനിയേലിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

error: Content is protected !!