KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുഞ്ചിരി വിടരണം രോഗികളിലും: മാതൃകയായി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി ജീവനക്കാർ

കാഞ്ഞിരപ്പളളി: തങ്ങളുടെ മുഖത്തുള്ള പുഞ്ചിരി ദിവസവും തങ്ങൾ കാണുന്നവരുടെ മുഖത്തും വേണമെന്ന അടങ്ങാത്ത ആഗ്രഹവുമായി 2025 ലെ പുതുവർഷത്തെ വരവേറ്റ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവുകൾ തങ്ങളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ മാറ്റിവെച്ചു ആശുപത്രിയിലെത്തുന്ന ഡയാലിസിസ് രോഗികൾക്കായി നാലു മാസം കൊണ്ട് സമാഹരിച്ചത്‌ ഏഴായിരത്തോളം രൂപ.

യാതൊരുവിധ പിരിവുകളും നടത്താതെ, ഡ്യൂട്ടിക്കിടയിൽ പതിവുള്ള ചായയുടെയും കാപ്പിയുടെയും എണ്ണം കുറച്ചുകൊണ്ടും, യാത്രകൾക്ക് ശേഷം കിട്ടുന്ന ചില്ലറകളുടെയും, വേണ്ടായെന്ന് വെച്ച ചോക്‌ലേറ്റുകളുടെയും തുകയാണ് അവർ ഒരു കുടുക്കയിൽ സൂക്ഷിച്ചത്. ഇത്തരമൊരു പദ്ധതി നടപ്പിൽ കൊണ്ട് വരുന്ന കാര്യം ആശുപത്രിയിലെ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐയെ മാത്രം മുൻ‌കൂർ അറിയിച്ചിരുന്നു. അച്ചന്റെ അനുമതി നേടിയതിനൊപ്പം അച്ചൻ സമ്മാനമായി നൽകിയ മൺകുടുക്കയിൽ നിക്ഷേപം ആരംഭിക്കുകയും ചെയ്തു. നിശബ്‌ദമായി മുന്നോട്ടു പോയി നാലു മാസങ്ങൾ കഴിഞ്ഞപ്പോൾ നിറഞ്ഞു തുളുമ്പിയ മൺകുടുക്കയുമായി 2025 മെയ് 13 ന് രാവിലെ ആശുപത്രിയുടെ പബ്ലിക് റിലേഷൻസ് ഓഫീസിൽ എത്തി തങ്ങളുടെ ആഗ്രഹം അറിയിച്ചപ്പോഴാണ് ആശുപത്രിയിലെ മറ്റു ജീവനക്കാർ ഈ കാര്യം അറിഞ്ഞത്.

ദേശീയ റിസപ്ഷനിസ്റ്റ് ദിനമായ 14 മെയ് 2025 തന്നെ പണം ആശുപത്രിയുടെ ഡയാലിസിസ് സഹായ നിധിയിലേക്ക് കൈമാറുമെന്നും, തങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കുവാൻ സാധിച്ചുവെന്നതിൽ അഭിമാനിക്കുന്നുവെന്നും, ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ഇൻചാർജ് ശരണ്യ സുരേഷ് പറഞ്ഞു. പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവുകളായ അലീന, സുലു, ജോളി, ജിൻസൂ, നീതു, ടീന, ക്രിസ്റ്റി, ശിൽപ്പ എന്നിവരെ ആശുപത്രി അധികൃതർ അഭിനന്ദിച്ചു.

error: Content is protected !!