ബസ്സുകളുടെ കാരുണ്യ യാത്രയിൽ യാത്രക്കാർ കാരുണ്യം വാരിച്ചൊരിഞ്ഞു .. ഷാനിമോളുടെ ചികിത്സയ്ക്ക് സമാഹരിച്ചത് ഒരു ലക്ഷം രൂപ
പാറത്തോട് : അപകടത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർഥിനിയുടെ ചികിത്സ സഹായത്തിനായി, അഞ്ച് സ്വകാര്യ ബസുകൾ കാരുണ്യ യാത്ര നടത്തിയപ്പോൾ സമാഹരിക്കപ്പെട്ടത് ഒരു ലക്ഷത്തോളം രൂപ. . കഴിഞ്ഞ ആഴ്ച റോഡരിൽ കൂടി നടന്നുപോകവേ നിയന്ത്രണം വിട്ട കാറിടിച്ചു ഗുരുതര പരിക്കേറ്റ് ചികിത്സയിലായ പാറത്തോട് ഇടപ്പറമ്പിൽ ഓട്ടോ ഡ്രൈവർ സാബുവിന്റെ മകൾ ഷാനിമോളുടെ ചികിത്സ സഹായത്തിനായാണ് ഔർ ലേഡി എന്ന പേരുള്ള അഞ്ച് ബസുകൾ കാരുണ്യ യാത്ര നടത്തിയത് . .എത്തിയ സ്റ്റോപ്പുകളിലൊക്കെ യാത്രക്കാരും നാട്ടുകാരും കൂട്ടത്തോടെ എത്തി ചെറുതും വലുതുമായ തുകകൾ വച്ചുനീട്ടുകയായിരുന്നു.
ബസ് ഉടമയെയും ജീവനക്കാരെയും നാട്ടുകാർ അഭിനന്ദനങ്ങൾ അറിയിച്ചാണ് ചികിത്സക്കുള്ള സംഭാവനകൾ കൈമാറിയത്. ഔർ ലേഡി എന്ന അഞ്ച് ബസുകളാണ് ഷാനി മോളുടെ ചികിത്സക്ക് കാരുണ്യ യാത്ര നടത്തിയത്. അഞ്ച് ബസുകളിൽ നിന്നുമായി ഒരു ലക്ഷം രൂപ ലഭിച്ചെന്നും ഇത് അടുത്ത ദിവസം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഷാനി മോളുടെ ചികിത്സാ സഹായ നിധിയിലേക്ക് കൈമാറുമെന്നും ബസുടമ ഡോണി പി മാത്യൂസ് പറഞ്ഞു.
പാറത്തോട് റോഡരികിലൂടെ നടന്ന് യാത്ര ചെയ്യുമ്പോൾ റോഡിൽ നിന്നും നിയന്ത്രണം തെറ്റി പാഞ്ഞുവന്ന കാർ ഷാനിമോളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനിമോൾ അപകട നില തരണം ചെയ്യാൻ അടിയന്തിരമായി നാല് സർജറികളാണ് വേണ്ടി വന്നത്. ചികിത്സക്ക് പണമില്ലാതെ ഷാനിമോളുടെ നിർധന കുടുംബം ബുദ്ധിമുട്ടുന്നത് അറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും സഹായ സമിതി രൂപീകരിച്ചിരുന്നു.
ഇതിന് പിന്നാലെ നിരവധി സുമനസുകൾ സഹായങ്ങൾ നൽകി. എരുമേലി റൂട്ടിലോടുന്ന സെറ ബസ് ഒരു ദിവസത്തെ കളക്ഷൻ ആയി 18000 രൂപയും മോട്ടോർ വാഹന വകുപ്പിലെ റോഡ് സേഫ് സോൺ 30000 രൂപയും സമാഹരിച്ചു. എരുമേലി, കോട്ടയം, മുണ്ടക്കയം, നെടുങ്കണ്ടം, ചങ്ങനാശ്ശേരി, കുഴിത്തൊളു, ബാലൻ പിള്ള സിറ്റി റൂട്ടുകളിൽ സർവീസ് നടത്തുന്ന ഔർ ലേഡി ബസുകളിലാണ് ഒരു ലക്ഷം രൂപ സഹായ നിധിയിലേക്ക് ലഭിച്ചത്. പലയിടത്തും ബസുകൾ തടഞ്ഞു നിർത്തി സഹായം നൽകുന്ന കാഴ്ചയായിരുന്നെന്ന് ജീവനക്കാർ പറയുന്നു. സാധാരണ ദിവസങ്ങളിൽ ഏഴായിരം രൂപയോളം കളക്ഷൻ ഒരു ബസിന് ലഭിക്കുന്ന സ്ഥാനത്താണ് ഇതിന്റെ ഇരട്ടിയിലേറെ തുക നൽകി നാട് കാരുണ്യ സഹായം ചൊരിഞ്ഞത്. ബസ് ജീവനക്കാർ ഒരു ദിവസത്തെ ശമ്പളവും ചെലവും ഒഴിവാക്കിയപ്പോൾ ടിക്കറ്റ് ഒഴിവാക്കി ബസുകളുടെ ഓട്ടത്തിനുള്ള ഇന്ധനം ഉൾപ്പെടെ ചെലവുകൾ ഉടമയും വഹിച്ച് മാതൃകയായി.