അനുഗ്രഹ തുടക്കം; ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ഓഫീസ് സേവനങ്ങൾ ഇനി പ്രാർഥനയ്ക്കുശേഷം

പൊൻകുന്നം: ഇതൊരു പുതിയ തുടക്കം. മറ്റ് ഓഫീസുകളിൽ നിന്ന് വ്യത്യസ്തമായി. പ്രാർത്ഥനയോടെ ഓഫീസ് ജോലിക്കു തുടക്കം കുറിക്കുകയാണ് ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ.

കഴിഞ്ഞ ദിവസം നടന്ന ജീവനക്കാരുടെ യോഗത്തിലാണ് പഞ്ചായത്തിന്റെ സേവനങ്ങൾ രാവിലെ കൃത്യം 10 മണിക്ക് തന്നെ ആരംഭിക്കാനും, ജീവനക്കാർ എല്ലാവരും ചേർന്നുള്ള ഒരു പ്രാർത്ഥനയ്ക്ക് ശേഷം ജോലി ആരംഭിക്കാമെന്നും തീരുമാനമെടുത്തത്.

രാവിലെ 9.58 ന് ജീവനക്കാരെല്ലാം ചേർന്ന് പ്രാർത്ഥന നടത്തിയശേഷം ജോലിയിൽ പ്രവേശിക്കും. പൊതുജനങ്ങൾക്ക് സേവനം യഥാസമയം നൽകാനുള്ള ജീവനക്കാരുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ പറഞ്ഞു. പുതിയ കമ്മിറ്റി അധികാരമേറ്റെടുത്തപ്പോൾ ജനങ്ങളാണ് സർക്കാർ സംവിധാനത്തിലെ യജമാനന്മാരെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. അവർക്ക് കൃത്യമായ സേവനം നൽകുകയും സൗമ്യമായി പെരുമാറുകയും ചെയ്യുന്നതാവണം ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും കർത്തവ്യമെന്നും പറഞ്ഞു. ഇത് പൂർണമായും അംഗീകരിച്ച് ജീവനക്കാർ കൂട്ടായെടുത്ത തീരുമാനമാണ് പ്രാർത്ഥനയോടെ ഓരോ ദിവസവും തുടങ്ങാമെന്നത്.

സെക്രട്ടറി സുജാ മാത്യു, അസിസ്റ്റന്റ് സെക്രട്ടറി എ.എസ്.ചിത്ര എന്നിവർ എല്ലാവരുമായി കൂടിയാലോചിച്ച് ഏതെങ്കിലും മതത്തിനോട് ചായ്‌വില്ലാത്ത പ്രാർഥനാഗാനം തിരഞ്ഞെടുത്തു. കെ.പി.കേശവമേനോൻ ഇംഗ്ലീഷിൽ രചിച്ച് ബാലാമണിയമ്മ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ‘ബലമെനിക്കേകണമേ സത്യത്തിൻ ചേരിയിൽ നിലകൊള്ളാനെപ്പോഴും സർവശക്താ’ എന്ന പ്രാർഥനാഗാനത്തിന് സംഗീതം നൽകിയത് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് എസ്.ദേവേഷാണ്. ഇദ്ദേഹമാണ് പ്രാർത്ഥനാലാപനത്തിന് നേതൃത്വം കൊടുക്കുന്നതും. ജീവനക്കാരും ആ സമയം പ്രസിഡന്റോ മറ്റ് അംഗങ്ങളോ പഞ്ചായത്തിൽ ഉണ്ടെങ്കിൽ അവരും പ്രാർത്ഥനയിൽ പങ്കെടുക്കും.

error: Content is protected !!