എലിക്കുളം കാപ്പുകയത്ത് വീണ്ടും കൊയ്‌ത്തുത്സവം.. കർഷ കൂട്ടായ്മയിലൂടെ വിജയക്കൊടി പാറിച്ച കർഷകർ നാടിന് മാതൃക
എലിക്കുളം കാപ്പുകയത്ത് വീണ്ടും കൊയ്‌ത്തുത്സവം.. നാടിന്റെ ജീവനാഡിയായ പൊന്നൊഴുകും തോട് ഇക്കുറി ജലസമൃദ്ധി നൽകിയപ്പോൾ, കാപ്പുകയും പാടശേഖരത്ത് പൊന്നുവിളഞ്ഞു .. ഒപ്പം കർഷകരുടെ മനവും നിറഞ്ഞു . കഴിഞ്ഞ വർഷം കാലാവസ്ഥ ചതിച്ചപ്പോൾ ഉണ്ടായ തിക്താനുഭവം പൂർണമായും മറന്നവർ ആഹ്ലാദിച്ചു . ഇരുപത് വർഷങ്ങൾക്ക് ശേഷം കാപ്പുകയും പാടശേഖരത്ത് വീണ്ടും ഏകദേശം പൂർണമായും നെൽകൃഷി നിറഞ്ഞു.
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ എലിക്കുളം കാപ്പുകയം പാടശേഖരത്ത് ഇക്കുറി മുണ്ടകൻ സീസണിൽ ബംപർ വിളവെടുപ്പ് ആണ് നടക്കുന്നത്. രണ്ടരയേക്കറിൽ നാമമാത്രമായി ഉണ്ടായിരുന്ന നെൽകൃഷി ഈ വർഷം 35 ഏക്കറിലേക്കുയർന്നു. അധ്വാനശീലരായ യുവാക്കളുടെ നേതൃത്വത്തിൽ, 22 കർഷകർ ഒത്തുചേർന്നാണ് ഇത്തവണ കൃഷി ഇറക്കിയിരിക്കുന്നത്. അതിനാൽ തന്നെ ആവേശവും, പ്ര്രതീക്ഷയും വാനോളമാണ്. ഇത്തവണ ലഭിച്ച പൊന്നുംവിളവ്, അന്യംനിന്നു പോയേക്കുമായിരുന്ന നെൽകൃഷിക്ക് ജീവവായുവാണ് നൽകിയിരിക്കുന്നത്.
വിളവെടുപ്പുത്സവം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സെൽവി വിത്സൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി ഷാജൻ മുഖ്യപ്രഭാഷണം നടത്തി.
പൊന്നൊഴുകും തോടിന്‍റെ വികസനവുമായി ബന്ധപ്പെട്ട് കൃഷി-ജലസേചന വകുപ്പുകളുടെ ശരിയായ ഇടപെടലുകളുടെ ഫലമാണ് കൃഷിയുടെ വിസ്തൃതിയിലുണ്ടായ വളർച്ച. ഇത്തവണ ഒരു തവണയാണ് കൃഷി ചെയ്തത്. ഒക്ടോബറിൽ നെല്ല് വിതച്ചു , ഫെബ്രുവരിയിൽ കൊയ്ത്തു നടത്തുന്നു. കഴിഞ്ഞ വർഷം രണ്ടുതവണ കൃഷി ഇറക്കിയെങ്കിലും, കാലാവസ്ഥ ചതിച്ചതോടെ അത് ഫലവത്തായില്ല. തെറ്റുകൾ മനസ്സിലാക്കി, വളരെ സൂക്ഷിച്ചാണ് ഇത്തവണ കൃഷി ഇറക്കിയത്. അതിനാൽ തന്നെ വൻവിജയം കൈവരിക്കുവാനും സാധിച്ചു.
മറ്റ് അരികളേക്കാൾ, ഗുണമേറെയുള്ള കാപ്പുകയം പാടത്തെ അരിക്ക് ആവശ്യക്കാർ ഏറെയാണ്. കീടനാശിനികൾ ഒഴിവാക്കി, ജൈവ രീതിയിൽ കൃഷി ചെയ്തെടുക്കുന്ന വിളവ്, പാടശേഖര സമിതിയുടെ നേതൃത്വത്തിൽ “എലിക്കുളം റൈസ്” എന്ന പേരിൽ നാടിന്റെ സ്വന്തം അരിയായി വിപണിയിൽ എത്തിച്ചിരുന്നു.
പുഴുങ്ങി കുത്തിയെടുക്കുന്ന അരിയുടെ ഗുണമേന്മ ഉറപ്പുവരുത്തുവാൻ എലിക്കുളത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു റൈസ് മിൽ സ്ഥാപിക്കുവാനുള്ള ആലോചനയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി പറഞ്ഞു. കൃഷി ഓഫിസർ നിസ ലത്തീഫും , അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ.അലക്‌സ് റോയിയും, കൃഷിക്കാർക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. പാടശേഖര സമിതിയുടെ സെക്രട്ടറി ജസ്റ്റിന്‍ ജോര്‍ജ്ജും മറ്റ് കർഷകർക്ക് ആവേശം നൽകി എല്ലാ പ്രവർത്തനങ്ങൾക്കും മുൻപന്തിയിൽ തന്നെയുണ്ട്. കൃഷിക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുവാൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി എപ്പോഴും ഒപ്പമുണ്ടെന്നത് കൃഷിക്കാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്.
” ഒന്നുകിൽ കൃഷി ഇറക്കുക, അല്ലെങ്കിൽ പാട്ടത്തിന് നൽകുക ” എന്ന തീരുമാനവുമായി പാടശേഖര സമിതി പ്രവർത്തകർ കാപ്പുകയം പാടശേഖരത്തിൽ തരിശായി ഭൂമി ഇട്ടിരുന്ന വിവിധ സ്ഥലം ഉടമകളെ സമീപിച്ചപ്പോൾ, വളരെ നല്ല സഹകരണം ആണ് ലഭിച്ചത്. ഇത്തവണ സഹകരിക്കാതെ മാറിനിന്ന ആളുകൾ കൂടി അടുത്ത തവണ സഹകരിച്ചാൽ, കാപ്പുകയത്ത് അൻപതോളം ഏക്കറിൽ അടുത്ത വർഷം പൊൻകതിർ വിളയും.
പാടത്ത് പണിയുവാൻ പണിക്കാരെ കിട്ടായതോടെയാണ്, ഒരുകാലത്ത് പ്രതാപത്തോടെ വിളങ്ങിയിരുന്ന കാപ്പുകയം പാടശേഖരത്തെ കൃഷി നിന്ന് പോയത്. ഇരുപതു വർഷങ്ങളായി ഭൂരിഭാഗം പ്രദേശവും തരിശായി കിടക്കുകയായിരുന്നു. ആ പ്രശ്നം പരിഹരിക്കുവാൻ മുന്നിട്ടിറങ്ങിയ പാടശേഖരസമിതിയുടെ പ്രവർത്തകർ വിതയും, കൊയ്ത്തും, വളമിടീലും യന്ത്രങ്ങളെ ഏൽപ്പിച്ചതോടെ ആ പ്രശ്നത്തിന് ശ്വാശത പരിഹാരമായി.
വാഴ, കപ്പ കൃഷികൾ കർഷകർക്ക് ഇത്തവണ കണ്ണീര് മാത്രം സമ്മാനിച്ചപ്പോൾ, നെൽകൃഷി അവർക്ക് ആശ്വാസമാവുകയാണ്. സർക്കാർ കിലോയ്ക്ക് 28 രൂപയാണ് താങ്ങുവിലയായി നെൽകൃഷിക്ക് നൽകുന്നത്. ഒപ്പം ഒരു ഹെക്ടറിന് 17,000 രൂപ സബ്‌സിഡിയും, വിള നശിച്ചാൽ ഒരു ഹെക്ടറിന് 30,000 രൂപ ഇൻഷുറൻസും ലഭിക്കും. മറ്റ് നിരവധി ആനുകൂല്യങ്ങൾ വേറെയും. ഇത്തവണ കാപ്പുകയം പാടശേഖരത്തിൽ, ഒരേക്കറിൽ നിന്നും രണ്ടായിരത്തോളവും കിലോ നെല്ലാണ് കൃഷിക്കാർ വിളവ് പ്രതീക്ഷിക്കുന്നത് .
കൃഷി പ്രോത്സാഹിപ്പിക്കുവാനുള്ള സർക്കാരിന്റെ ഈ പദ്ധതികൾ കർഷകൾ നിറഞ്ഞ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വരും നാളുകളിൽ കൂടുതൽ കൃഷിക്കാർ, തരിശായി ഇട്ടിരിക്കുന്ന കൃഷി സ്ഥലങ്ങളിൽ കൃഷി ചെയ്യുവാൻ മുന്നോട്ടു വരും എന്നുതന്നെയാണ് കാപ്പുകയും നിവാസികൾ പ്രതീക്ഷിക്കുന്നത്. പൊന്നൊഴുകും തോടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ ജലസമൃദ്ധി ഉണ്ടാവുകയും, അടുത്ത സീസണിൽ ഇതിലും മെച്ചപ്പെട്ട വിളവ് ലഭിക്കുകയും ചെയ്‌യും എന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു. ഇത്തരം കൂട്ടയ്മകളിലൂടെ കേരളം ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ സ്വായംപര്യാപ്തത നേടും എന്ന കാര്യത്തിൽ സംശയമില്ല. പരസ്പര സഹകരണത്തോടെ ആധുനിക രീതിയിൽ കൃഷി ചെയ്തു വൻവിജയം കൈവരിച്ച കാപ്പുകയം നിവാസികൾ നാടിന് മാതൃകയാവുകയാണ്…