ബസ്സിൽ യാത്ര ചെയ്യവേ കുഴഞ്ഞ് വീണ 12 വയസുകാരന്‍ ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചു

കണമല : സ്വകാര്യ ബസിൽ വെച്ച് വയറുവേദനയെ തുടർന്ന് ബോധരഹിതനായ കുട്ടിയെ ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപെട്ടു. ബുധനാഴ്ച രാവിലെ കണമല – ഇടകടത്തി റോഡിൽ വെച്ചാണ് സംഭവം. പമ്പാവാലി കാളകെട്ടിയിൽ തെക്കേചെരുവിൽ (ഈട്ടിക്കൽ) സന്തോഷ് – സ്മിത ദമ്പതികളുടെ മകൻ ആദിത്യൻ (12) ആണ് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തും മുമ്പേ മരണപ്പെട്ടത്.

ഒന്നര മാസം മുമ്പും ആദിത്യന് വയറുവേദന അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. വയറിന്റെ സ്കാനിംഗ് നടത്തുകയും തുടർന്ന് ചികിത്സക്ക് ശേഷം സുഖം പ്രാപിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ശാരീരിക അസ്വസ്ഥതകൾ പ്രകടമായി. ഇന്നലെ രാവിലെ വേദന അസഹ്യമായതോടെ മാതാപിതാക്കൾ കുട്ടിയേയും കൊണ്ട് കാളകെട്ടി – മുക്കൂട്ടുതറ റൂട്ടിലോടുന്ന ഷാജി ബസിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഇടകടത്തിയിൽ എത്തിയപ്പോഴേക്കും വേദന മൂലം നിലവിളിച്ചിരുന്ന കുട്ടി ബോധരഹിതനായി. ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഉടനെ കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി മുക്കൂട്ടുതറയിലെ അസീസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോരുത്തോട് സികെഎം ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആയിരുന്ന ആദിത്യൻ മുമ്പ് സ്കൂളിൽ വെച്ച് തലകറക്കം അനുഭവപ്പെട്ട് ബോധരഹിതനായിട്ടുണ്ടെന്ന് പറയുന്നു. മരണം സംഭവിക്കുന്നതിന് ഇടയാക്കിയ ആരോഗ്യ പ്രശ്നം സംബന്ധിച്ച്
അന്വേഷണം നടത്തുമെന്ന് എരുമേലി പോലിസ് അറിയിച്ചു.

error: Content is protected !!