നീതി തേടി പമ്പാവാലിയിൽ പട്ടയ അവകാശ യാത്ര
കണമല: പമ്പാവാലിയിലെ പട്ടയ വിഷയത്തിൽ ന്യായം കർഷകരുടെ ഭാഗത്താണെന്നിരിക്കെ നടപടികൾ സ്വീകരിക്കാൻ സർക്കാർ മടിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് പട്ടയ അവകാശ സമര പദയാത്ര നടത്തും. കർഷക സംരക്ഷണ സമിതിയാണ് പദയാത്രയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
904 കുടുംബങ്ങൾക്കാണ് പമ്പാവാലിയിൽ പട്ടയം അനുവദിച്ച് 2015ൽ സർക്കാർ ഉത്തരവിട്ടത്. 500ൽ പരം പേർക്ക് പട്ടയം ലഭിക്കുകയും 2018 വരെ കരം അടയ്ക്കുകയും ചെയ്തു. അപ്പോഴാണ് വനം വകുപ്പിന്റെ തടസവാദം മുൻനിർത്തി കരം സ്വീകരിക്കൽ റദ്ദാക്കിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിട്ടത്. ഇതോടെ 500 ൽ പരം പേരുടെ പട്ടയം കടലാസ് രേഖയായി. ബാക്കി 400 ഓളം പേർക്ക് പട്ടയം നൽകുന്നത് മരവിപ്പിക്കുകയും ചെയ്തു. ഇപ്പോൾ മൂന്ന് വർഷം പിന്നിട്ടു. ഇതുവരെയും പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
പട്ടയം കിട്ടിയപ്പോൾ ഈടുവച്ച് ബാങ്ക് വായ്പ സ്വീകരിച്ചവർ ബുദ്ധിമുട്ടിലാണ്. പട്ടയം കൊടുത്തിട്ടുള്ള ഭൂമിയിൽ വനവും ഉൾപ്പെട്ടിട്ടുണ്ടെന്ന തടസവാദമാണ് വനം വകുപ്പ് ഉന്നയിച്ചിട്ടുള്ളത്. 2015 ൽ പട്ടയമേള നടത്തി പട്ടയം വിതരണം നടത്തിയപ്പോൾ വനം വകുപ്പ് എതിർപ്പ് അറിയിക്കാതിരിക്കുകയും വർഷങ്ങൾക്ക് ശേഷം എതിർക്കുകയും ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. വനം വകുപ്പിന്റെ തടസവാദം സാധൂകരിക്കുന്ന രേഖകളൊന്നും ഇതുവരെയും ഹാജരാക്കാനായിട്ടുമില്ല.
അതേസമയം വനം വകുപ്പിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ഒട്ടേറെ രേഖകൾ കർഷകർ മുന്നോട്ടു വയ്ക്കുന്നുമുണ്ട്. ഇവ പരിശോധിച്ച് പ്രശ്നം തീർപ്പാക്കാൻ സർക്കാരിന് കഴിയുമെന്നിരിക്കെ മടിക്കുന്നത് പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്.
1980 ലെ കേന്ദ്ര വനനിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള വനഭൂമി പതിച്ചു നൽകൽ കേന്ദ്ര വനനിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ലെന്ന് 2009 മാർച്ച് 20 ന് സുപ്രീം കോടതി നൽകിയ വിധിയിലുണ്ടെന്ന് കർഷക സംരക്ഷണ സമിതി പറയുന്നു. 1945 ലാണ് പമ്പാവാലിയിൽ കൃഷി നടത്തി ഭക്ഷ്യക്ഷാമം പരിഹരിക്കാൻ 502 ഹെക്ടർ ഭൂമി കർഷകർക്ക് വിട്ടുനൽകിയത്. 1977 ന് മുമ്പുള്ള ഭൂമിക്ക് വരെ 1993 ലെ ഭൂമി പതിവ് ചട്ടം പ്രകാരം പട്ടയം നൽകിയിട്ടുണ്ട്. ഇത് പ്രകാരം പമ്പാവാലിയിലെ പട്ടയങ്ങൾക്ക് തടസം ഉന്നയിക്കുന്നതിൽ കഴമ്പില്ല. പമ്പാവാലിയിലെ കർഷകർക്ക് ഭൂമി അനുവദിച്ചത് സംബന്ധിച്ച് 1968 ൽ കൃഷി വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുമുണ്ട്. കർഷകർ ആരുംതന്നെ പമ്പാവാലിയിൽ കൈയേറി താമസിച്ചതല്ലെന്നുള്ളതിന്റെ മറ്റൊരു തെളിവാണ് ഈ ഉത്തരവ്.
ആദ്യം പമ്പാവാലി ഇടുക്കി ജില്ലയിൽ ആയിരുന്നപ്പോൾ പ്രദേശത്ത് വനഭൂമിയും കർഷക ഭൂമിയും വേർതിരിച്ച് റവന്യൂ, വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് നൽകിയതാണ്. 1968 ജൂൺ ഏഴിന് ഇടുക്കി ജില്ലാ കളക്ടർ നൽകിയ 289/680 നമ്പർ ഉത്തരവിൽ ഇക്കാര്യമാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇത്രയേറെ അനുകൂലമായി ഒട്ടേറെ സുപ്രധാന രേഖകൾ നിലവിലുള്ളപ്പോഴാണ് പട്ടയം നിഷേധിച്ചിരിക്കുന്നത്. ജനകീയ മുന്നേറ്റം ഉണ്ടായെങ്കിൽ മാത്രമേ സർക്കാർ ഇടപെടുകയുള്ളൂ എന്ന മട്ടിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നതെന്ന് കർഷക സംരക്ഷണ സമിതി പ്രസിഡന്റ് പ്രകാശ് പുളിക്കൻ പറയുന്നു. അതുകൊണ്ടാണ് പ്രക്ഷോഭം ആരംഭിക്കുന്നതിലേക്ക് ഇപ്പോൾ കർഷകർ നിർബന്ധിതരായതെന്നും സമരത്തിന് കാരണം പ്രശ്നം പരിഹരിക്കാതെ വർഷങ്ങളായി നീട്ടുന്ന സർക്കാർ നിലപാട് ആണെന്നും പ്രകാശ് പറഞ്ഞു. പ്രക്ഷോഭത്തിന്റെ വിളംബരം ആയാണ് ഇന്ന് പദയാത്ര നടക്കുക. രാവിലെ ഒമ്പതിന് മൂലക്കയത്തു നിന്ന് ആരംഭിക്കും. കേരളപ്പാറ, ഏയ്ഞ്ചൽവാലി, ആറാട്ടുകയം, അഴുതമുന്നി, എഴുകുംമണ്ണ് എന്നിവിടങ്ങളിൽ എത്തി വൈകുന്നേരം ആറിന് ഏയ്ഞ്ചൽവാലി പള്ളിപ്പടിയിൽ സമാപിക്കും. വൈസ് പ്രസിഡന്റ് വക്കച്ചൻ കാരുവള്ളിൽ ഫ്ലാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനം വാർഡ് അംഗം മാത്യു ജോസഫ് ഉദ്ഘാടനം ചെയ്യും. പദയാത്രയ്ക്ക് ഭാരവാഹികളായ പ്രകാശ് പുളിക്കൻ, ജയിംസ് ആലപ്പാട്ട്, ഒ.ജെ. കുര്യൻ, ഗംഗാധരനാചാരി, ബിജു കായപ്ലാക്കൽ, ബിനു നിരപ്പേൽ, ബോബൻ പള്ളിക്കൽ, സജി തുടങ്ങിയവർ നേതൃത്വം നൽകും.