കൂവപ്പള്ളിയിലെ റേഷൻകട ഉടമയ്ക്ക് തിരികെ നൽകാൻ സർക്കാർ ഉത്തരവ്
കാഞ്ഞിരപ്പള്ളി: സപ്ലൈകോ വിതരണം ചെയ്ത പലവ്യഞ്ജന കിറ്റുകളിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത കൂവപ്പള്ളിയിലെ എആർഡി 23ാം നമ്പർ റേഷൻ കട ഉടമയ്ക്കുതന്നെ തിരികെ നൽകാൻ സർക്കാർ ഉത്തരവ്. ഭക്ഷ്യ വിതരണ വകുപ്പ് അഡീഷണൽ സെക്രട്ടറി മോനിലാൽ ബി.എസ്. ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ സപ്ലൈകോ വിതരണം ചെയ്ത പല വ്യഞ്ജന കിറ്റുകളിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് സപ്ലൈകോ അധികൃതർ നൽകിയ പരാതിയെ തുടർന്നായിരുന്നു കൂവപ്പള്ളി എആർഡി 23 നമ്പർ റേഷൻ കടയുടമ ജോണി ഫിലിപ്പിനെ അറസ്റ്റ് ചെയ്തതതും ലൈസൻസ് താത്ക്കാലികമായി റദ്ദ് ചെയ്തതും.
ഭീമമായ തുക (6,53,650) പിഴയായി ഈടാക്കിയതും കടയുടമ ജോണി ഫിലിപ്പിനെ അറസ്റ്റ് ചെയ്തതും ഉദ്യോഗസ്ഥ തലത്തിലുണ്ടായ ഗുരുതര വീഴ്ചയുടെയും കൃത്യവിലോപത്തിന്റെയും ഫലമാണെന്ന് ഉത്തരവിൽ പറയുന്നു. അന്തിമ റിപ്പോർട്ടിൽ 2010 രൂപ മാത്രമാണ് ക്രമക്കേട് കണ്ടെത്തിയതെന്നും ഉത്തരവിലുണ്ട്. ഈ കാര്യത്തിൽ ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ മുഖേന അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും തിരുവനന്തപുരം സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നൽകിയ ഉത്തരവിലുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ സപ്ലൈ ഓഫീസറോട് നടപടി സ്വീകരിക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടർ ആവശ്യപ്പെട്ടു.