വെയിലേറ്റു വാടല്ലേ…

പൊൻകുന്നം ∙ മഴ നിന്നിട്ട് ദിവസങ്ങൾ കഴിഞ്ഞതോടെ മേഖലയിൽ പകൽ ചൂട് 34 ഡിഗ്രി സെൽഷ്യസായി. പൊള്ളുന്ന ചൂടിൽ വലയുകയാണ് ജനങ്ങൾ. ചൂടിന്റെ ഒപ്പം വൈദ്യുതി മുടക്കം കൂടിയാകുമ്പോൾ ദുരിതം ഏറുന്നു.ചൂട് ഏറിയതോടെ ആൾക്കാർ വീടുകളിൽ നിന്നു മരത്തിന്റെ തണൽ തേടി പോകുകയാണ്. ഓഫിസുകളിലും വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ പോലും കഴിയാത്ത വിധം ഉഷ്ണം ഏറി. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പകലും രാത്രിയിലും ചൂട് അസഹനീയം.

ചൂടിനൊപ്പം വൈദ്യുതിയുമില്ല

പൊൻകുന്നം – പ്ലാച്ചേരി റോഡ് നവീകരണത്തിന്റെ ഭാഗമായി വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ ചിറക്കടവ് മേഖലയിലെ വൈദ്യുതി നിയന്ത്രണം നാട്ടുകാരെയും വ്യാപാരികളെയും വലയ്ക്കുകയാണ്. രാവിലെ 9നു തുടങ്ങുന്ന നിയന്ത്രണം വൈകിട്ടു വരെയാണ്. ഇതോടെ മേഖലയിലെ വ്യാപാരികളാണ് ഏറെ കഷ്ടപ്പെടുന്നത്. വൈദ്യുതിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലി തുടർച്ചയായി നടത്താൻ കഴിയാത്ത അവസ്ഥയാണ്.

തണലൊരുക്കി ആൽമരം

പൊള്ളുന്ന ചൂടിൽ പട്ടണത്തിനു നടുവിൽ തണൽ ഒരുക്കുകയാണ് ചരിത്ര സ്മരണകൾ ഉറങ്ങുന്ന ആൽമരം. വികസനം നാട്ടുവഴികളുടെ വീതി കൂട്ടിയപ്പോൾ പലരുടെയും കണ്ണിൽ ‘വഴിമുടക്കി’യാവുകയും പിന്നീട് ചരിത്ര സ്മരണയുടെ പിൻബലത്തിൽ വൃക്ഷസ്നേഹികളുടെ ഇടപെടലിൽ ആയുസ്സ് നീട്ടിക്കിട്ടുകയും ചെയ്ത അരയാൽ, വെയിലേറ്റ് തളർന്നു വരുന്നവർക്ക് ഒട്ടൊരു ആശ്വാസമാണ്. ടൗണിലെ പ്രധാന ഓട്ടോ സ്റ്റാൻഡ് ഇതിനു ചുവട്ടിലാണ്.

error: Content is protected !!