പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിലേക്ക് വില്ലേജ് ഓഫിസ് മാറും
കാഞ്ഞിരപ്പള്ളി ∙ വില്ലേജ് ഓഫിസ് പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റാൻ ജില്ലാ കലക്ടറുടെ ഉത്തരവ്. നിലവിൽ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസിൽ സ്ഥല പരിമിതി മൂലം സുഗമമായ പ്രവർത്തനത്തിനു വിഘാതം ഉണ്ടാകുന്നു എന്ന കാരണത്താലാണ് വില്ലേജ് ഓഫിസ് പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിലേക്കു മാറ്റാൻ തീരുമാനിച്ചത്. വില്ലേജ് ഓഫിസിന്റെ സ്ഥല പരിമിതി പരിഹരിക്കാൻ കുടുതൽ സ്ഥലം അനുവദിക്കാൻ സിവിൽ സ്റ്റേഷനിൽ ഇടമില്ല എന്നും തഹസിൽദാർ റിപ്പോർട്ട് നൽകിയിരുന്നു.
പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന പൊലീസ് സ്റ്റേഷൻ കഴിഞ്ഞ 18 മുതൽ പുതിയതായി നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചതോടെയാണ് വില്ലേജ് ഓഫിസ് ഇവിടേക്കു മാറ്റാനുള്ള നടപടികൾ ആരംഭിച്ചത്. റവന്യു വകുപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിലേക്കു മാറ്റിയാൽ സ്ഥലപരിമിതി പ്രശ്നം ഒഴിവാക്കാനാകുമെന്നും അതിനാൽ വില്ലേജ് ഓഫിസ് പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റാൻ അനുമതി നൽകണമെന്നും തഹസിൽദാർ ജില്ലാ കലക്ടറോട് അഭ്യർഥിച്ചിരുന്നു. ഇവ കണക്കിലെടുത്താണ് വില്ലേജ് ഓഫിസ് പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റുന്നതെന്നും ഉത്തരവിൽ പറയുന്നു.
നിലവിൽ മിനി സിവിൽ സ്റ്റേഷനിലെ ഏറ്റവും താഴത്തെ നിലയിൽ ഇടതു വശത്തെ രണ്ടു മുറികളിലായാണു വില്ലേജ് ഓഫിസ് ഓഫിസ് പ്രവർത്തിക്കുന്നത്. വില്ലേജ് ഓഫിസറടക്കം 8 ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്. ആകെ മുന്നൂറോളം ചതുരശ്രഅടി വിസ്തീർണമാണ് ഓഫിസിനുള്ളത്. സിവിൽ സ്റ്റേഷന്റെ കിഴക്കുവശത്തെ ഗേറ്റ് കടന്നെത്തുമ്പോൾ ആദ്യം സ്ഥിതി ചെയ്യുന്നത് വില്ലേജ് ഓഫിസാണ്.
മിനി സിവിൽ സ്റ്റേഷനു പിൻവശത്ത് കരിങ്കൽ ഭിത്തികളിൽ നിർമിച്ച വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് പഴയ താലൂക്ക് ഓഫിസ് കെട്ടിടം. താലൂക്ക് ഓഫിസ് പ്രവർത്തിച്ചിരുന്ന കാലം മുതലേ കെട്ടിടം ശോചനീയ സ്ഥിതിയിലായിരുന്നു. 2010ൽ മിനി സിവിൽ സ്റ്റേഷൻ നിർമിച്ചപ്പോഴാണു താലൂക്ക് ഓഫിസ് ഇവിടേക്കു മാറ്റിയത്. പിന്നീട് സ്വന്തമായി കെട്ടിടമില്ലാതെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചു വന്ന പൊലീസ് സ്റ്റേഷൻ പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിലേക്കു മാറ്റി. ആവശ്യമായ വെളിച്ചം പോലും ലഭ്യമല്ലാത്ത മുറികളും ചോർന്നൊലിക്കുന്ന മേൽക്കൂരയുമാണു കെട്ടിടത്തിനുള്ളത്. 2010സെപ്റ്റംബർ മുതൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചു വന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്താണ് പുതിയ പൊലീസ് സ്റ്റേഷൻ നിർമിച്ചത്.