വില്ലേജ് ഓഫീസ് പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റാൻ ഉത്തരവ്
കാഞ്ഞിരപ്പള്ളി: മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസ് പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റാൻ ഉത്തരവ്. തഹസിൽദാരുടെ അഭ്യർഥനപ്രകാരം ജില്ലാ കളക്ടറാണ് ഉത്തരവ് ഇറക്കിയത്. നിലവിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ സ്ഥല പരിമിതി പരിഗണിച്ചാണ് ഉത്തരവ്.
പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന പോലീസ് സ്റ്റേഷൻ കഴിഞ്ഞ 18 മുതൽ പുതിയതായി നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് വില്ലേജ് ഓഫീസ് ഇവിടേക്ക് മാറ്റിയാൽ കൂടുതൽ സൗകര്യം ലഭിക്കുമെന്നും പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റാൻ അനുമതി നൽകണമെന്നും തഹസിൽദാർ ജില്ലാ കളക്ടറോട് അഭ്യർഥിച്ചത്.
മിനി സിവിൽ സ്റ്റേഷനിലെ ഏറ്റവും താഴത്തെ നിലയിലാണ് ഇപ്പോൾ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. മുന്നൂറോളം ചതുരശ്രഅടി വിസ്തീർണമുള്ള രണ്ട് മുറികളിലായി എട്ട് ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്.
എന്നാൽ, വർഷങ്ങളായി ശോചനീയാവസ്ഥയിലായിരിക്കുന്ന കെട്ടിടമാണ് പഴയ താലൂക്ക് ഓഫീസ് കെട്ടിടം. ആവശ്യമായ വെളിച്ചമില്ലാത്ത മുറികളും ചോർന്നൊലിക്കുന്ന മേൽക്കൂരയുമാണ് കെട്ടിടത്തിനുള്ളത്. കരിങ്കൽ ഭിത്തികളിൽ നിർമിച്ച കെട്ടിടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചു വന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്താണ് പുതിയ പോലീസ് സ്റ്റേഷൻ നിർമിച്ചത്.