കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ വാർഷിക പദ്ധതികൾക്ക് അംഗീകാരം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ 2021 – 22 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചു. 2021 – 22 വർഷത്തെ ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഭരണസമിതിയുടെ ഏഴ് കോടി 43 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്.
സഹൃദയ വായനശാല കെട്ടിട നിർമാണം – 2.10 കോടി, റോഡുകളുടെ നവീകരണത്തിന് 1.52കോടി, കൃഷി, മൃഗസംരക്ഷണപദ്ധതികൾക്ക് 61 ലക്ഷം, അങ്കണവാടികളുടെ നവീകരണത്തിനും കുട്ടികളുടെ ക്ഷേമത്തിനുമായി 45 ലക്ഷം, പട്ടികജാതി – പട്ടികവർഗ വികസനത്തിന് 52 ലക്ഷം, നിലാവ് – തെരുവ് വിളക്ക് പദ്ധതിക്ക് 15 ലക്ഷം, ലൈഫ് ഭവന നിർമാണ പദ്ധതിക്ക് 62 ലക്ഷം, കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 15 ലക്ഷം, ആനക്കല്ല് ഗവണ്മെന്റ് എൽപി സ്കൂൾ നവീകരണത്തിന് 10ലക്ഷം, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 10 ലക്ഷം, വിശപ്പ് രഹിതകേരളം ജനകീയ ഹോട്ടൽ – മൂന്ന് ലക്ഷം, കുടുംബശ്രീ ബസാർ – മൂന്ന് ലക്ഷം തുടങ്ങി ഏഴ് കോടി 43 ലക്ഷം രൂപയുടെ വാർഷിക പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. രാജേഷ്, സെക്രട്ടറി ഷാഹുൽ ഹമീദ്, ദീപ എന്നിവർ അറിയിച്ചു.