ഏറ്റുമുട്ടാൻ കാട്ടുപന്നി; ഭയന്ന് ജനം
മുണ്ടക്കയം ∙ കാട്ടുപന്നി ആക്രമണത്തിൽ വശം കെട്ട് മലയോര മേഖല. കൃഷിയിടങ്ങളിൽ മാത്രം നാശനഷ്ടങ്ങൾ വരുത്തിയിരുന്ന പന്നി ഇപ്പോൾ ആളുകളെ ആക്രമിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ ഭീതിയിലാണ്. കോരുത്തോട്, കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിലും ഇടുക്കി ജില്ലയിലെ കൊക്കയാർ, പെരുവന്താനം പഞ്ചായത്ത് പ്രദേശത്തെ വനം അതിർത്തി മേഖലകളിലും പന്നികളുടെ ശല്യം വ്യാപകമായി. ജനങ്ങൾക്ക് ഭീഷണിയായ കാട്ടുപന്നികളെ വെടി വച്ചു കൊല്ലാൻ ഉത്തരവുണ്ട്. എന്നാൽ ഇതു പ്രാവർത്തികമാകാറില്ലെന്ന് മാത്രം. ഓരോ ദിവസവും പന്നികളുടെ ആക്രമണത്തിൽ പരുക്കേറ്റ ആളുകളുടെ എണ്ണം വർധിക്കുകയാണ്.
അഞ്ചാമതും ആക്രമണം
പതിനഞ്ച് ദിവസത്തിനിടെ ഇത് അഞ്ചാമത്തെ ആളാണ് ആക്രമിക്കപ്പെട്ടത്. കൊക്കയാർ പഞ്ചായത്തിലെ ബോയ്സ് എസ്റ്റേറ്റിൽ ടാപ്പിങ് ജോലിക്കിടെ കാലായിൽ ടി.ജി.സുരേഷിനെ ഇന്നലെ പന്നി ആക്രമിച്ചു. പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. സുരേഷിന്റെ കാലിനാണ് പരുക്ക്. ഒരാഴ്ച മുൻപ് കൊടികുത്തി സ്വദേശികളായ ദമ്പതികൾക്ക് എസ്റ്റേറ്റ് റോഡിലൂടെ ബൈക്കിൽ പോകുമ്പോൾ പന്നി ആക്രമിച്ചു പരുക്കേറ്റിരുന്നു. ഇളംകാട് ഞർക്കാട് കൂപ്പ് മേഖലയിൽ വീടിനു സമീപത്തു നിന്ന ദമ്പതികളെ പന്നി ആക്രമിച്ച സംഭവവും ഉണ്ടായി. പന്നികളുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടവർ ഏറെയാണ്.
വെടിവയ്ക്കാൻ മടി വേണ്ട
നാട്ടിലിറങ്ങി ജനജീവിതം ഭീതിയിൽ ആക്കുന്ന പന്നികളെ ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ചു വെടിവയ്ക്കാൻ ജനങ്ങൾ യാതൊരു മടിയും കാണിക്കരുതെന്ന് പി.സി.ജോർജ് എംഎൽഎ പറഞ്ഞു. കൂട്ടിക്കൽ ഞർക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ ദമ്പതികളുടെ വീട്ടിൽ സന്ദർശനം നടത്തിയ എംഎൽഎ കൃഷി നശിച്ചവർക്കും പരുക്കേറ്റവർക്കും അടിയന്തര സഹായം നൽകണമെന്ന് വകുപ്പ് അധികൃതർക്ക് നിർദേശം നൽകി.
പട്ടാപ്പകൽ പേടിയില്ലാതെ
മുൻ കാലങ്ങളിൽ രാത്രി വനത്തിൽ നിന്ന് ഇറങ്ങി ജനവാസ മേഖല അല്ലാത്ത പ്രദേശത്ത് എത്തി കപ്പ ഉൾപ്പെടെ കൃഷികൾ നശിപ്പിക്കുന്നതായിരുന്നു പന്നികളുടെ രീതി. എന്നാൽ ഇപ്പോൾ പകൽ സമയങ്ങളിലും പന്നികൾ നാട്ടിൽ സ്ഥിരമാണ്. ശബരിമല വനവുമായി അതിർത്തി പങ്കിടുന്ന കോരുത്തോട് ടൗണിൽ വരെ പന്നികൾ പകൽ സമയങ്ങളിൽ എത്തുന്നു. ഇളംകാട് പ്രദേശത്ത് 6 മാസം മുൻപാണ് ആദ്യമായി ജനങ്ങളെ കാട്ടുപന്നി ആക്രമിച്ചത്.
വെടി ഇല്ല, വടി മാത്രം
പന്നികളെ വെടി വയ്ക്കാൻ ഉത്തരവ് ഉണ്ടെങ്കിലും റബർ തോട്ടങ്ങളിൽ പുലർച്ചെ സമയത്തും അപ്രതീക്ഷിതമായും പന്നികളെ മുന്നിൽ കാണുമ്പോൾ എന്ത് ചെയ്യുമെന്ന് ജനങ്ങൾ ചോദിക്കുന്നു. ലൈസൻസ് ഉള്ള തോക്ക് ഉള്ളവർ വിരളമാണ്. അതുകൊണ്ടു തന്നെ ഒറ്റപ്പെട്ട സംഭവങ്ങളിൽ പന്നികളുടെ ആക്രമണത്തിൽ നിന്നു വടിയും കോലും എടുത്ത് ആക്രമിച്ചു സ്വയം രക്ഷ നേടുക എന്നതു മാത്രമാണ് ഏക വഴി. പകൽ സമയങ്ങളിൽ കുട്ടികളെ പുറത്തിറക്കാൻ പോലും പേടിയാണ് വനാതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്ക്. വനത്തിൽ നിന്ന് ഇറങ്ങി നാട്ടിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ താവളമാക്കിയ പന്നികളുടെ ആക്രമണം ഇനിയും ഉണ്ടാകും എന്നതിൽ സംശയമില്ല.
വനത്തിനുള്ളിൽ ആഹാരം കുറഞ്ഞതും ചൂട് കൂടി ജലാശയങ്ങൾ വറ്റിയതുമാകാം പന്നികൾ നാട്ടിൽ ഇറങ്ങാനുള്ള കാരണം. നാട്ടുകാരുടെ ജീവനു ഭീഷണിയായ പന്നികളെ വെടി വയ്ക്കാൻ ഡിഎഫ്ഒ ഉത്തരവ് നൽകിയിട്ടുണ്ട്. പന്നികളുടെ ശല്യം ഉണ്ടായാൽ ഉടൻ തന്നെ വനപാലകരെ വിവരം അറിയിക്കണം.
എസ്.ബിജു(ഫോറസ്റ്റ് റേഞ്ച് ഓഫിസർ, വണ്ടൻപതാൽ)