മുതിർന്നവർ വാക്സീൻ സംരക്ഷണത്തിലേക്ക്

കോട്ടയം ∙ ജില്ലയിൽ 2.51 ലക്ഷം മുതിർന്നവർക്കു കൂടി കോവിഡ് വാക്സീൻ ലഭ്യമാക്കാൻ തയാറെടുപ്പുകൾ തുടങ്ങി. 60 വയസ്സിനു മുകളിലുള്ളവർക്ക് മാർച്ച് ഒന്നു മുതൽ കോവിഡ് വാക്സീൻ നൽകാനാണ് നിർദേശം. ഇത്രയും പേർക്ക് വാക്സീൻ ലഭ്യമാക്കുന്നതിനു 216 വാക്സീൻ കേന്ദ്രങ്ങളാണ് ജില്ലാ ആരോഗ്യ വകുപ്പ് നേരത്തേ കണ്ടെത്തിയിട്ടുള്ളത്. ജില്ലാ സാമൂഹിക നീതി വകുപ്പാണ് 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പിനു കൈമാറിയത്.നിലവിൽ 44 വാക്സീൻ കേന്ദ്രങ്ങളാണുള്ളത്. ഇതിന്റെ ഒപ്പം 172 വാക്സീൻ കേന്ദ്രങ്ങൾ കൂടി ആരംഭിക്കാനാണു നീക്കം. 3 ആരോഗ്യ പ്രവർത്തകർ വീതമാണ് ഓരോ കേന്ദ്രത്തിലും വേണ്ടത്.പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവയാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ വാക്സിനേഷനു വേണ്ടി കണ്ടെത്തിയിട്ടുള്ളത്. സ്വകാര്യ ആശുപത്രികളും കോവിഡ് വാക്സീൻ വിതരണ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. 

വേണം കൂടുതൽ വ്യക്തത

ആദ്യ 3 ഘട്ടങ്ങളിൽ പോർട്ടൽ വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയുമാണ് റജിസ്ട്രേഷൻ നടത്തിയത്. അതത് വകുപ്പുകൾ വഴിയും ജീവനക്കാർ ശമ്പളം ലഭ്യമാക്കുന്ന പോർട്ടലിൽ നിന്നുള്ള വിവരങ്ങൾ പ്രകാരവുമാണ് ഇതുവരെ കോവിഡ് വാക്സീൻ റജിസ്ട്രേഷൻ നടത്തിയത്. എന്നാൽ ഈ വിധത്തിൽ 60 വയസ്സിനു മുകളിലുള്ളവരെ കണ്ടെത്തി ഇവർക്ക് വാക്സീൻ നൽകുന്നത് പ്രായോഗികമല്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. അതിനാൽ റജിസ്ട്രേഷൻ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ തീരുമാനം വരാനുണ്ട്.ആരോഗ്യപ്രശ്നങ്ങളില്ലാത്ത എല്ലാ മുതിർന്നവർക്കും സൗജന്യമായി വാക്സീൻ നൽകാനാണ് തീരുമാനം. എന്നാൽ.  ആദ്യം ആർക്കാണ് നൽകുക, എത്ര വയസ്സുവരെ ഉള്ളവർക്ക് നൽകും ഏതെല്ലാം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ ഒഴിവാക്കും എന്ന കാര്യങ്ങളിലും വ്യക്തത വരാനുണ്ട്. 

error: Content is protected !!