ടാങ്കർ വെള്ളം വാങ്ങുമ്പോൾ സൂക്ഷിക്കണം
കാഞ്ഞിരപ്പള്ളി : ഓരോ ദിവസം കഴിയുംതോറും വേനലിന്റെ കാഠിന്യം കൂടിവരികയാണ്. അതോടൊപ്പം കുടിവെള്ളം എത്തിക്കുന്ന സ്വകാര്യ ടാങ്കറുകളുടെ എണ്ണവും. ഇവയിൽ മിക്കതും അനധികൃതമായാണ് പ്രവർത്തിക്കുന്നത്. നിരവധി ടാങ്കറുകൾ കുടിവെള്ളവുമായി ഒാടുമ്പോൾ അംഗീകാരമുള്ളത് വളരെ കുറച്ചു
യൂണിറ്റുകൾക്കു മാത്രം.
കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വെള്ളമെത്തിച്ചുനൽകുന്നത് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാതെയാണ്. 1000 ലിറ്ററിന് 50-100 രൂപ വരെയാണ് നൽകുന്നത്. വാഹനത്തിൽ വെള്ളം പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റും ഉണ്ടാകണം. എന്നാൽ ഇതും പാലിക്കപ്പെടുന്നില്ല. കാഞ്ഞിരപ്പള്ളി ടൗൺ പ്രദേശത്ത് ജനുവരിയിൽ 12 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. പടർന്നത് ടൗണിന് സമീപത്തെ കിണറ്റിലെ വെള്ളത്തിൽനിന്നായിരുന്നു.
എരുമേലിയുടെ വിവിധ പ്രദേശങ്ങളിലായി രണ്ട് ഡസനോളം വ്യക്തികളാണ് കുടിവെള്ള വിൽപ്പന നടത്തുന്നത്. എരുമേലി ടൗണും പരിസരവും കേന്ദ്രീകരിച്ച് ആറ് വ്യക്തികളുണ്ട്. ഫൈബർ ടാങ്കുകൾ ലോറിയിൽ ഘടിപ്പിച്ചാണ് വിതരണം. 1500 ലിറ്റർ വെള്ളം 500 രൂപയ്ക്കും 2000 ലിറ്റർ 600-നുമാണ് നൽകുന്നത്. എരുമേലിക്ക് സമീപം മറ്റന്നൂർക്കരയിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. 1000 ലിറ്ററിന് 60 രൂപ വീതം കിണർ ഉടമയ്ക്ക് നൽകണം. പഞ്ചായത്തിന്റെയോ ആരോഗ്യവകുപ്പിന്റെയോ ലൈസൻസില്ല. സ്രോതസ് പരിശോധനക്ക് ആരും സമീപിച്ചിട്ടിെല്ലന്ന് ആരോഗ്യവകുപ്പും പറഞ്ഞു.
വെള്ളാവൂർ, മണിമല പഞ്ചായത്ത് പ്രദേശങ്ങളിൽ 2500 ലിറ്റർ വെള്ളം 750 രൂപ നിരക്കിലാണ് വില്പന. വെള്ളം ശേഖരിക്കുന്ന കിണർ ഉടമയ്ക്ക് ലോഡ് ഒന്നിന് 50 രൂപ നൽകണം. ആരോഗ്യവകുപ്പിന്റെ അനുമതി നേടിയിട്ടുള്ളവരാണ് മിക്ക വിതരണക്കാരും.
പൊൻകുന്നം : ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കാഞ്ഞിരപ്പള്ളി സർക്കിൾ ഓഫീസിൽ നിന്ന് കുടിവെള്ളവിതരണത്തിനുള്ള ലൈസൻസ് എടുത്തത് രണ്ടുപേർ മാത്രം. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലമാണ് ഓഫീസിന്റെ പരിധി. പക്ഷേ, ഈ പരിധിയിൽ അമ്പതിലേറെ കുടിവെള്ളവിതരണസംഘങ്ങളെങ്കിലും പ്രവർത്തിക്കുന്നതായാണ് അനൗദ്യോഗിക കണക്ക്.
പാലിക്കേണ്ട നിബന്ധനകൾ
* കുടിവെള്ളവിതരണത്തിനുള്ള ലൈസൻസ് ഭക്ഷ്യസുരക്ഷാ ഓഫീസിൽനിന്ന് എടുക്കണം. ലൈസൻസുള്ളവർക്ക് മാത്രമേ വിതരണം നടത്താനാകൂ.
* ഒന്നിൽകൂടുതൽ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ വാഹനങ്ങളുടെ നമ്പരുകൾ കൃത്യമായി രേഖപ്പെടുത്തി വിതരണ ലൈസൻസ് എടുക്കണം.
*കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറികളിലും മറ്റ് വാഹനങ്ങളിലും കുടിവെള്ളം എന്ന് വ്യക്തമായി എഴുതി പ്രദർശിപ്പിക്കണം.
* ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണത്തിന്റെ ലൈസൻസ് നമ്പർ പ്രദർശിപ്പിക്കണം.
*കുടിവെള്ളം ശേഖരിക്കുന്ന കിണറുകളിലെ വെള്ളം ആറു മാസത്തിലൊരിക്കൽ സർക്കാർ ലാബിലോ അക്രഡിറ്റഡ് ലാബിലോ പരിശോധിക്കണം. ഇതിന്റെ സർട്ടിഫിക്കറ്റുകൾ വാഹനങ്ങളിൽ സൂക്ഷിക്കണം.