ചൂടിനെ നേരിടാൻ പഴം വിപണി

പൊൻകുന്നം : വേനൽച്ചൂട് കൂടിയതോടെ പഴം വിപണിയിലും തിരക്കേറി. മുൻ വർഷത്തെക്കാൾ‌ വിപണിയിൽ ആവശ്യക്കാരുടെ തിരക്കു കൂടിക്കൊണ്ടിരിക്കുകയാണ്. വിലയിലും കാര്യമായ വർധനയില്ലാത്തതിനാൽ കടകളിൽ തിരക്കുമുണ്ട്. വിലയുടെ കാര്യത്തിൽ ആപ്പിളാണു മുന്നിൽ.ഹോട്ടലുകളിൽ കച്ചവടം കുറഞ്ഞപ്പോൾ ശീതളപാനീയക്കടകളിൽ തിരക്കു കൂടി.

കശ്മീർ, ഹിമാചൽ ആപ്പിളുകളുടെ സീസൺ കഴിഞ്ഞതോടെ വിദേശ ആപ്പിളുകൾക്കാണ് ആധിപത്യം. ന്യൂസീലൻഡിൽ നിന്നെത്തുന്ന റോയൽ ഗാലയാണു കൂട്ടത്തിൽ മുന്നിൽ. യുഎസ്, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആപ്പിളുകളും വിപണിയിലുണ്ട്.അമരാവതിയിൽ നിന്നും രാജസ്ഥാനിൽ നിന്നും എത്തുന്ന ഓറഞ്ചും വിപണിയിൽ സുലഭം. സീസൺ അവസാനമാണെങ്കിലും മധുരത്തിനു കുറവില്ല. 

മഹാരാഷ്ട്രയിൽ നിന്നെത്തുന്ന കുരുവില്ലാത്ത കറുത്ത മുന്തിരി, കുരുവില്ലാത്ത പച്ചമുന്തിരി എന്നിവയ്ക്കാണു കൂടുതൽ ആവശ്യക്കാർ. ജ്യൂസ് മുന്തിരി, കമ്പം, തേനി ഭാഗത്തുനിന്നു വരുന്ന റോസ് മുന്തിരി എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. നാടൻ മാമ്പഴവും വിപണിയിൽ എത്തിത്തുടങ്ങി. മൂവാണ്ടൻ, പ്രീയൂർ, എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. തമിഴ്നാട്ടിൽ നിന്നുള്ള മാമ്പഴം എത്തിത്തുടങ്ങുന്നതേയുള്ളൂ.

error: Content is protected !!