അനധികൃത മീൻപിടിത്തം വ്യാപകം

കാഞ്ഞിരപ്പള്ളി : വേനൽ രൂക്ഷമായി ജലാശയങ്ങൾ വറ്റിവരണ്ടതോടെ അനധികൃത മീൻപിടിത്തം വ്യാപകം. ഇതു ജലമലിനീകരണത്തിനും മത്സ്യസമ്പത്തിന്റെ നാശത്തിനും കാരണമാകും. മേഖലയിൽ മണിമലയാർ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ അശാസ്ത്രീയമായ രീതിയിൽ വൈദ്യുതി ഉപയോഗിച്ചും അമോണിയ, നഞ്ച് എന്നിവ കലക്കിയും തോട്ട പൊട്ടിച്ചുമുള്ള മീൻപിടിത്തമാണു കൂടിവരുന്നത്. വൈദ്യുതികൊണ്ട് മീൻപിടിത്തം ബാറ്ററിയിൽനിന്നുള്ള വൈദ്യുതി വെള്ളത്തിലേക്കു പകർത്തിയുള്ള മീൻപിടിത്തമാണ് ഏറെ ദോഷകരം.

വലിയ വാഹനങ്ങളിലെ ബാറ്ററികൾകൊണ്ടു മീൻപിടിക്കാനുള്ള പ്രത്യേക സംവിധാനം 5000 രൂപയോളം മുടക്കിയാണ് ഇത്തരക്കാർ സജ്ജമാക്കുന്നത്. ഇത്തരത്തിൽ തയാറാക്കുന്ന ഉപകരണത്തിൽനിന്നു പ്രത്യേക രീതിയിൽ വെള്ളത്തിലേക്കു വൈദ്യുതി പ്രവഹിപ്പിക്കുന്നതുവഴി മീനുകൾ പിടഞ്ഞു ചാകും. വലിയ മീനുകളെ ലക്ഷ്യമിട്ടാണ് ഇത്തരക്കാർ എത്തുന്നത്. എന്നാൽ, വൈദ്യുതി കടന്നു പോകുന്ന സ്ഥലത്തെ ചെറുമീനുകൾ അടക്കം വെള്ളത്തിൽ ചത്തു പൊങ്ങും.

ഇത്തരത്തിൽ ചെറുമീനുകൾ വെള്ളത്തിൽ കിടന്ന് അഴുകി ജലം മലിനപ്പെടും. കടുത്ത വേനലിൽപോലും കല്ലിടുക്കുകളിലെ ചെറിയ തുരുത്തുകളിലും ചേറിലും അഭയം പ്രാപിച്ചാണ് ചെറുമീനുകൾ അടക്കം വേനലിനെ അതിജീവിച്ച് അടുത്ത മഴക്കാലത്തിനായി കാത്തിരിക്കുന്നത്. ഇത്തരത്തിൽ മത്സ്യസമ്പത്തിനെ നശിപ്പിക്കുന്ന മീൻപിടിത്ത രീതിയാണിത്. മത്സ്യസമൃദ്ധി പദ്ധതി പ്രകാരം മീനുകളെ പ്രധാന ജലാശയങ്ങളിൽ നിക്ഷേപിക്കുന്ന പദ്ധതിക്കുപോലും തിരിച്ചടിയാകുകയാണ് അനധികൃത മീൻപിടിത്തം.

വൈദ്യുതി ഉപയോഗിച്ചു മീൻ പിടിക്കുന്നത് ഏറെ അപകടകരമാണെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് ഇത്തരക്കാർ മീൻപിടിത്തത്തിൽ ഏർപ്പെടുന്നത്. അമോണിയ, നഞ്ച് കലർത്തൽ ചെറിയ ഒഴുക്കുള്ള തോടുകളിൽ അമോണിയ കലക്കിയാണു മീൻപിടിക്കുന്നത്. റബർ എസ്റ്റേറ്റുകൾക്കു സമീപത്തുള്ള തോടുകളിലാണ് അമോണിയ കലർത്തി മീൻ പിടിക്കുന്നത്. റബർ പാൽ ഉറകൂടാതിരിക്കാനുള്ള അമോണിയ തരപ്പെടുത്തി വെള്ളത്തിൽ കലർത്തുകയാണു ചെയ്യുന്നത്.

ഇതോടെ ചെറിയ മീനുകൾ ഉൾപ്പെടെയുള്ളവ ചത്തുപോകും. ഇടമുറിഞ്ഞു കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നഞ്ച് മിശ്രിതം കലർത്തുകയാണു ചെയ്യുന്നത്. ഇതോടെ മീനുകൾ മയങ്ങി വെള്ളത്തിനു മുകളിലെത്തും. വലിയ മീനുകളെ മാത്രം പിടിക്കുന്നതോടെ ചെറിയ മീനുകൾ വെള്ളത്തിൽ കിടന്നു ചത്തു ദുർഗന്ധം വമിക്കും. പ്രത്യേക രീതിയിൽ തയാറാക്കി വെള്ളത്തിൽ സ്‌ഫോടനം നടത്താവുന്ന തോട്ട ഉപയോഗിച്ചും മീൻപിടിത്തം വ്യാപകമാണ്. ഇതുവഴി തോടുകളുടെ ഇരുവശത്തെയും തിട്ട ഇടിയുന്നതു പതിവാണെന്നും സംരക്ഷണ ഭിത്തികൾക്കു ക്ഷതം വരുത്തുമെന്നും പ്രദേശവാസികൾ പറയുന്നു.

error: Content is protected !!