ചൂടുകൂടി; പാല്‍ ഉല്‍പ്പാദനത്തില്‍ വന്‍കുറവ്
Pകാഞ്ഞിരപ്പള്ളി : ചൂടുകൂടിയതോടെ പശുക്കളിലെ പാല്‍ ഉല്‍പ്പാദനത്തിലുണ്ടായ കുറവ് ക്ഷീരമേഖലയ്‌ക്കു തിരിച്ചടിയാവുന്നു. വേനലിന്റെ തുടക്കത്തില്‍ തന്നെ ശക്‌തമായ ചൂട് അനുഭവപ്പെട്ടതോടെ പാലുല്‍പ്പാദനത്തിലും കുറവുണ്ടായെന്ന് അധികൃതര്‍ പറയുന്നു.
കാലിവളര്‍ത്തല്‍ ഉപജീവനമാക്കിയ ധാരാളം കര്‍ഷകരാണ് മേഖലയിലുള്ളത്. മുന്‍കാലങ്ങളില്‍ ഇടയ്‌ക്കു ശക്‌തമായ മഴപെയ്യാറുണ്ടായിരുന്നെങ്കിലും ഇക്കുറി അതുമുണ്ടായില്ലെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു.
ദിവസം ചെല്ലുന്തോറും വേനലിന്റെ രൂക്ഷത വര്‍ധിക്കുകയാണ്. പല ഭാഗങ്ങളിലും പച്ചപ്പുല്ല് ആവശ്യത്തിനു ലഭിക്കുന്നില്ല. പശുക്കളെ കൂടാതെ ആട്, എരുമ തുടങ്ങിയവയ്‌ക്കെല്ലാം പാല് കുറഞ്ഞിരിക്കുകയാണ്. പുല്ല് വേണ്ടത്ര കിട്ടാത്തതിനാല്‍ പല കര്‍ഷകരും ധാന്യങ്ങളടക്കം കട്ടിയുള്ള തീറ്റകളാണു കൂടുതലായി നല്‍കുന്നത്. ഇത്തരം തീറ്റ ദഹനപ്രശ്‌നങ്ങള്‍ക്കും അതുവഴി പാലുത്‌പാദനം കുറയാനും കാരണമാവുമത്രേ. കൂടാതെ ഇതു പാലിന്റെ ഘടനയിലും രുചിയിലും വ്യത്യാസമുണ്ടാക്കും.തീറ്റയിലുണ്ടാകുന്ന വ്യത്യാസം കന്നുകാലികളില്‍ ശരീര ഊഷ്‌മാവ് വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ അസ്വസ്‌ഥതകള്‍ക്കു കാരണമാക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതരും പറയുന്നു.
വേനല്‍ക്കാലത്തു കന്നുകാലികള്‍ക്കു തീറ്റ പല തവണയായി നല്‍കണമെന്നും കഴിവതും ചൂടുകുറഞ്ഞ സമയങ്ങളില്‍ തീറ്റ കൊടുക്കാന്‍ ശ്രദ്ധിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. കൂടാതെ ധാരാളം തണുത്ത ശുദ്ധജലം കുടിക്കാന്‍ നല്‍കുക, തീറ്റയില്‍ പരമാവധി പച്ചപ്പുല്ല് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. പുല്ലിന്റെ ലഭ്യതയനുസരിച്ച് അതു കുറച്ചെങ്കിലും കൊടുക്കുന്ന തീറ്റയില്‍ ചേര്‍ത്തു നല്‍കുക, തൊഴുത്തുകളില്‍ കൂടുതല്‍ വായുസഞ്ചാരം ലഭിക്കത്തക്കവിധം സജ്‌ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് മൃഗസംരേക്ഷണ അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. ഫാമുകള്‍ നടത്തുന്നേവര്‍ക്ക് ജലക്ഷാമം ഗുരുതര പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ചു വൈക്കോലിന്റെ ലഭ്യത വര്‍ധിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമാണ്.
മുന്തിയ ഉത്‌പാദനശേഷിയുള്ള മിക്ക പശുക്കള്‍ക്കും ചൂടേറിയ കാലാവസ്‌ഥ താങ്ങാന്‍ പറ്റുന്നില്ല. മഴക്കാലത്ത് ഉത്‌പാദനത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
ചൂടു കൂടുന്തോറും പാല്‍ ഉല്‍പ്പാദനത്തില്‍ ഇനിയും കുറവ് അനുഭവപ്പെടുമെന്ന ആശങ്കയിലാണ് അധികൃതരും ക്ഷീരകര്‍ഷകരും.
പശുക്കളെ വില്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതോടെ ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങളുടെ നിലനില്‍പ്പും അപകടത്തിലായിട്ടുണ്ട്.
പ്രാദേശിക വില്‍പ്പന കഴിഞ്ഞു മില്‍മയ്‌ക്കു പാല്‍ അളക്കാന്‍ പല സംഘങ്ങള്‍ക്കുമാവുന്നില്ല. ഇതുമൂലം മില്‍മയില്‍ നിന്നും ക്ഷീരവികസന വകുപ്പില്‍ നിന്നും ലഭിക്കുന്ന പല ആനുകൂല്യങ്ങളും ക്ഷീരകര്‍ഷകര്‍ക്കു ലഭിക്കാത്ത സ്‌ഥിതിയാണ്.