മീനച്ചൂടിൽ ആവേശത്തോടെ കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർഥികൾ
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ജോസഫ് വാഴയ്ക്കൻ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11ന് ആന്റോ ആന്റണി എംപി, കെപിസിസി അംഗം അഡ്വ. സതീഷ്ചന്ദ്രൻ നായർ, അബ്ദുൽ കരീം മുസ്ലിയാർ, തോമസ് കുന്നപ്പള്ളി, ബാബു ജോസഫ് എന്നിവർക്കൊപ്പം കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഓഫീസിൽ എത്തിയ ജോസഫ് വാഴയ്ക്കൻ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി അനു മാത്യു ജോർജിനു പത്രിക കൈമാറി. രാവിലെ കാഞ്ഞിരപ്പള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിലും ചിറക്കടവ് മഹാദേവക്ഷേത്രത്തിലും എത്തി പ്രാർഥിച്ചശേഷമാണ് ജോസഫ് വാഴയ്ക്കൻ പത്രിക സമർപ്പിക്കാൻ എത്തിയത്. യുഡിഎഫ് നേതാക്കളായ ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടൻ, ബിജു പുന്നത്താനം, പ്രഫ. റോണി കെ. ബേബി, അഡ്വ. പി.എ. ഷെമീർ, ടി.കെ. സുരേഷ്കുമാർ, സുഷമ ശിവദാസ് ജോ തോമസ് പായിക്കാടൻ, അഡ്വ. അഭിലാഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പത്രിക സമർപ്പണത്തിനു ശേഷം പൊൻകുന്നത്ത് നിയോജകമണ്ഡലംതല യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
ഡോ. എൻ. ജയരാജ്
ഇന്നു പത്രിക സമർപ്പിക്കും
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. എൻ. ജയരാജ് പ്രചാരണം ശക്തിപ്പെടുത്തിയത് വോട്ടർമാർക്ക് ആവേശമായി. ഇന്നലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കപ്പാട്, കാളകെട്ടി, തന്പലക്കാട് എന്നിവിടങ്ങളിലായിരുന്നു പ്രചരണം നടത്തിയത്.
കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. ഡോ. എൻ. ജയരാജ് ഇന്ന് പത്രിക സമർപ്പിക്കും. രാവിലെ 10.30ന് പേട്ടക്കവലയിൽനിന്ന് കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിലേക്ക് റോഡ് ഷോയും നടത്തും.
അൽഫോൻസ് കണ്ണന്താനം
ഇന്നു പത്രിക സമർപ്പിക്കും
കറുകച്ചാൽ: എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനവും പ്രവർത്തകരോടൊപ്പം പ്രചാരണത്തിൽ സജീവമായി കഴിഞ്ഞു. ഇന്നലെ മണിമല, കാഞ്ഞിരപ്പള്ളി ടൗണുകളിലാണ് വോട്ടഭ്യർഥന നടത്തിയത്. രാവിലെ മണിമല ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ടഭ്യർഥിച്ചാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും എൻഡിഎ നേതാക്കൾക്കൊപ്പം വോട്ടഭ്യർഥിച്ചു. വൈകുന്നേരം വാഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പഞ്ചായത്തുതല കണ്വൻഷനിലും പങ്കെടുത്തു. അൽഫോൻസ് കണ്ണന്താനവും ഇന്നു പത്രിക സമർപ്പിക്കും. രാവിലെ ഒന്പതിന് പൊൻകുന്നത്തുനിന്ന് റോഡ് ഷോയും നടത്തും