കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർഥികൾ പ്രതികരിക്കുന്നു…
ജോസഫ് വാഴയ്ക്കൻ
കാഞ്ഞിരപ്പള്ളിയിലെ വിജയസാധ്യത ?
നൂറു ശതമാനവും വിജയപ്രതീക്ഷയിലാണ്. കാലങ്ങളായി കാഞ്ഞിരപ്പള്ളി യുഡിഎഫിനു മുൻതൂക്കമുള്ള മണ്ഡലമാണ്. വോട്ടർമാർ ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്നവരുമാണ്. സിറ്റിംഗ് എൽഎൽഎ യുഡിഎഫ് വിട്ടുപോയതിൽ വോട്ടർമാരിൽ എല്ലാ മേഖലയിലും എതിർപ്പും പ്രതിഷേധവും പ്രകടമാണ്. അത് പോളിംഗിൽ പ്രകടമാകും.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ?
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശൈലിയല്ല ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിലുള്ളത്. ഒറ്റപ്പെട്ട ചില പ്രദേശങ്ങളിലുണ്ടായ ഭരണമാറ്റം താൽക്കാലികമായ പ്രതികരണം മാത്രമാണ്. മുൻപും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമൊട്ടാകെ യുഡിഎഫ് അനുകൂല ട്രെൻഡാണ്. പിണറായി മാറണം, യുഡിഎഫ് വരണം എന്നതാണ് ജനങ്ങളുടെ മനസിലെ ആഗ്രഹം.
കാഞ്ഞിരപ്പള്ളിയുടെ വികസനം ?
വികസനത്തിൽ ജില്ലയിൽ ഏറെ പിന്നോക്കംപോയ പ്രദേശമാണ് കാഞ്ഞിരപ്പള്ളി. എടുത്തു പറയാവുന്ന ഒരു പദ്ധതിയും ഉണ്ടായിട്ടില്ല. പല പിന്നോക്ക പ്രദേശ മണ്ഡലങ്ങളും വികസനത്തിൽ മുന്നേറിയിട്ടും പ്രശസ്തമായ കാഞ്ഞിരപ്പള്ളി പിന്നിലായി. കുടിവെള്ളക്ഷാമം എല്ലാ പഞ്ചായത്തിലും രൂക്ഷമാണ്. ഗ്രാമീണ റോഡുകളുടെ നിലവാരം തീരെ മോശം.
നഗരങ്ങളുടെ സ്ഥിതി ?
കാഞ്ഞിരപ്പള്ളിയും വാഴൂരും കറുകച്ചാലുമൊക്കെ എത്രയോ കാലമായി പിന്നിലാണ്. ബൈപാസുകളും കുടിവെള്ളപദ്ധതികളും വരാതെ രക്ഷയില്ല. ഗ്രാമീണ ആശുപത്രികളെല്ലാം പിന്നോക്കാവസ്ഥയിലാണ്. ജനങ്ങളുമായി സംസാരിച്ച് കൃഷി, വിദ്യാഭ്യാസം, ഐടി തുടങ്ങി തൊഴിൽ അധിഷ്ഠിത പദ്ധതികൾ നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നു. വ്യാവസായികമായി ഏറെ പിന്നിലാണു കാഞ്ഞിരപ്പള്ളി, വാഴൂർ പ്രദേശങ്ങൾ. വിജയിച്ചാൽ കാലഘട്ടത്തിനസരിച്ചുള്ള പദ്ധതികൾ നടപ്പിലാക്കും. മാറ്റത്തിനായി ഒരവസരമാണ് ഞാൻ അഭ്യർഥിക്കുന്നത്.
ഡോ. എൻ. ജയരാജ്
നാലാമങ്കത്തിലെ വിജയ പ്രതീക്ഷ ?
മണ്ഡലത്തിലെ പര്യടനത്തിനിടയിൽ ജനങ്ങളുടെ പൾസ് തിരിച്ചറിയാൻ എനിക്കു സാധിക്കുന്നുണ്ട്. നല്ല വിജയം ഇത്തവണയും ഉറപ്പാണ്. ജനവിധി എനിക്ക് അനുകൂലമാകും. കഴിഞ്ഞ മൂന്നു തവണയും എന്നെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച കാഞ്ഞിരപ്പള്ളിക്കാർ ഇത്തവണയും കൈവിടില്ല. തലമുറകളായി എന്നെ അറിയുന്നവരാണു വോട്ടർമാർ. അവരുടെ വിശ്വാസമാണ് എന്റെ ബലം.
മുന്നണി മാറ്റം ?
മുന്നണിമാറ്റം സംഭവിച്ചത് എന്തുകൊണ്ടാണെന്ന് ജനങ്ങൾക്ക് അറിയാം. ജനങ്ങൾ അതു ഉൾക്കൊണ്ടിട്ടുണ്ട്. പ്രചാരണനിടയിൽ ഒരാളും എന്തുകൊണ്ടു മുന്നണി മാറിയെന്നു ചോദിക്കുന്നില്ല. ഇടതു സർക്കാരിന്റെ തുടർഭരണമാണ് ഏവരും ആഗ്രഹിക്കുന്നത്. തുടർ ഭരണത്തെ പിന്തുണയ്ക്കുന്ന ആളായിരിക്കണം കാഞ്ഞിരപ്പള്ളിയിൽനിന്നും ജയിക്കേണ്ടതെന്നാണ് ജനങ്ങളുടെ ഇടയിൽനിന്നും മനസിലാക്കാൻ കഴിയുന്നത്.
ബിജെപിയുടെ എ പ്ലസ് മണ്ഡലമാണ്. കണ്ണന്താനം മത്സരിക്കുന്നു ?
ബിജെപിയുടെ എ പ്ലസ് മണ്ഡലമാണെന്ന് അവർ പറയുന്നുണ്ടെങ്കിൽ ഇത് കേരള കോണ്ഗ്രസിന്റെയും ഇടതുമുന്നണിയുടെയും എ പ്ലസ് മണ്ഡലമാണ്. അൽഫോൻസ് കണ്ണന്താനത്തിന്റെ സ്ഥാനാർഥിത്വം എന്റെ വിജയത്തെ ബാധിക്കില്ല.
കാഞ്ഞിരപ്പള്ളി ബൈപാസ് വിവാദം ?
2009ലാണ് ബൈപാസ് പ്രപ്പോസൽ വരുന്നത്. 2011ലാണ് ഞാൻ എംഎൽഎയാകുന്നത്. എന്റെ കഴിവു കുറവുകൊണ്ടോ ഉദാസീനതകൊണ്ടോ ബൈപാസ് നിർമാണത്തിനു തടസമുണ്ടായിട്ടില്ല. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ വിവിധ നിയമ തടസമുണ്ടായി. എന്തു വില കൊടുത്തും ബൈപാസ് പൂർത്തീകരിക്കും.
കർഷകർക്കുവേണ്ടി എന്തു ചെയ്യും ?
കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ ശ്രമിക്കും. റബർ കർഷകരെ സഹായിക്കാനുള്ള പദ്ധതികൾക്ക് ശ്രമിക്കും. റബർ വിലസ്ഥിരത ഉറപ്പാക്കി തറവില വർധിപ്പിക്കണം. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലും അതുണ്ടാകും. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ തുടങ്ങിവച്ച നിരവധി വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. കുന്നുംഭാഗം ഗവണ്മെന്റ് സ്കൂൾ സ്പോർട്സ് കോംപ്ലക്സ്, വെള്ളാവൂർ സാംസ്കാരിക കേന്ദ്രം, ജനറൽ ആശുപത്രിയുടെ വികസനം എന്നിവ പൂർത്തീകരിക്കണം.
അൽഫോൻസ് കണ്ണന്താനം
വിജയപ്രതീക്ഷ ?
കാഞ്ഞിരപ്പള്ളിയിൽ വിജയിക്കുമെന്നാണു പ്രതീക്ഷ. ജനങ്ങൾക്ക് എന്നിൽ വിശ്വാസമുണ്ടെന്നും അത് വോട്ടായി മാറുമെന്നും കരുതുന്നു. അവരുടെ ഹൃദയത്തിൽ ഏറെക്കാലമായി ഇടമുണ്ടെന്നാണ് വിശ്വാസം.
മുൻപരിചയം അനുകൂല ഘടകമോ ?
മുൻപരിചയം മാത്രമല്ല 32 വർഷമായി കാഞ്ഞിരപ്പള്ളിയോട് അടുത്ത് പ്രവർത്തിക്കുന്നയാളാണ്. ഞാൻ കാഞ്ഞിരപ്പള്ളിക്കാരനും മുൻ കളക്ടറും മുൻ എംഎൽഎയുമായിരുന്നു. ഇപ്പോൾ ഡൽഹിയിലായിരിക്കെയും നാടിനോടും നാട്ടുകാരോടും അടുത്ത് പ്രവർത്തിക്കുന്നു. എക്കാലവും ജനങ്ങളോടൊപ്പം ഒരുമിച്ചു പ്രവർത്തിക്കുന്നയാളുമാണ്. ഞാൻ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമെന്ന വിശ്വാസം അവർക്കുണ്ട്.
ബിജെപിയിലെ ന്യൂനപക്ഷ അംഗമെന്ന നിലയിൽ ?
ബിജെപിക്കു കാഞ്ഞിരപ്പള്ളിയിൽ നന്നായി വോട്ടുണ്ട്. പൊതു അംഗീകാരമുള്ള വ്യക്തി എന്ന നിലയിൽ എല്ലാ വിഭാഗങ്ങളുടെയും വോട്ട് പാർട്ടിക്ക് അതീതമായി എനിക്ക് ലഭിക്കും. കളക്ടറും എംഎൽഎയും ഡൽഹി കമ്മീഷറുമായിരിക്കെ എനിക്ക് ഏവരുടെയും അംഗീകാരം ലഭിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി മുരടിപ്പിലാണോ ?
അതെ എന്നു പറയാതെ വയ്യ. കാഞ്ഞിരപ്പള്ളി ബൈപാസിന് പണവും അനുമതിയും ഞാൻ എംഎൽഎയായിരിക്കെ വാങ്ങിയെടുത്തതാണ്. ഹൈക്കോടതിയിലുണ്ടായിരുന്ന കേസിനും പരിഹാരമാക്കിയശേഷമാണ് ഞാൻ മടങ്ങിയത്. ബൈപ്പാസ് നടപ്പാകാതെ പോയതിൽ ദുഃഖമുണ്ട്. ശബരി വിമാനത്താവളപദ്ധതിയും നടപ്പായില്ല. വിമാനയാത്രാ സൗകര്യം മാത്രമല്ല അനേകായിരങ്ങൾക്ക് തൊഴിൽ ലഭിക്കാനും ഇത് ഇടയാക്കിയേനെ.
വിജയിച്ചാൽ എന്താവും മുൻഗണനകൾ ?
മൂന്നു കാര്യങ്ങൾക്കായിരിക്കും പ്രാധാന്യം. കാഞ്ഞിരപ്പള്ളി ബൈപാസ്, മണിമല കുടിവെള്ളപദ്ധതി, ശബരി വിമാനത്താവളം. കാർഷികമേഖലയിൽ ഉത്പാദനം വർധിക്കണം. കൃഷി എന്റെയും ജീവിതത്തിന്റെ ഭാഗമാണ്. ഓരോ കുടുംബവും ഭക്ഷ്യസ്വയംപര്യാപ്തമാകണം എന്നാഗ്രഹിക്കുന്നു.