കാഞ്ഞിരപ്പള്ളിയിൽ പോള വസന്തം .. കാഴ്ചയ്ക്ക് മനോഹരം, പക്ഷെ ജലജീവികൾക്ക് വില്ലൻ..
കാഞ്ഞിരപ്പള്ളി: പൂതക്കുഴി ചെക്ക് ഡാമിൽ കുളവാഴ നിറഞ്ഞ് വെള്ളം മലിനമാകുന്നു. പൂത്തുനിൽക്കുന്ന കുളവാഴച്ചെടിയുടെ മനോഹര ദൃശ്യം കാണാൻ കാഴ്ചക്കാരും ഏറെയാണ്. വെള്ളയും വയലെറ്റ് നിറത്തിൽ പൂവിട്ട് ഓളംതള്ളുന്ന മനോഹര ദൃശ്യം കാണാനും സെൽഫിയെടുക്കാനും എത്തുന്നതിൽ യുവാക്കളാണേെറയും.
കുളവാഴ ഇനത്തിൽപ്പെടുന്ന വെള്ളത്തിൽ വളരുന്ന ചെടിയാണിത്. ചിറ്റാർ പുഴയുടെ കൈത്തോടുകൂടിയായ തോട്ടിൽ 26-ാം മൈൽ മുതൽ പൂതക്കുഴിവരെയുള്ള ഭാഗത്താണ് കുളവാഴ പൂത്തുനിൽക്കുന്നത്. പൂത്തുനിൽക്കുന്ന ചെടി കാഴ്ചയ്ക്ക് നല്ലതാണെങ്കിലും ഇത് വളർന്ന് പടരുന്നത് അത്ര നല്ലതല്ലെന്ന് വിദഗ്‌ധർ പറയുന്നു.
വെള്ളത്തിലെ ഒഴുക്കിനെ ബാധിക്കുന്ന കുളവാഴ വളരെ വേഗത്തിൽ മറ്റിടങ്ങളിലേക്കും വ്യാപിക്കും. കുട്ടനാട് പ്രദേശങ്ങളിൽ കൂടുതൽ കാണുന്ന കുളവാഴ മലയോര മേഖലയിലെ ജലസ്രോതസ്സുകളിൽ തീരെ കുറവാണ്. മലിനമായ ജലാശയങ്ങളിലെ നൈട്രജന്റെ അളവ് കൂടുന്നതാണ് ഇവ തഴച്ചു വളരാൻ ഇടയാക്കുന്നതെന്ന് ജൈവശാസ്ത്ര വിദഗ്ധർ പറയുന്നു. മഴയെത്തിയാൽ ഇവ ചിറ്റാർ പുഴയിലേക്കും ചിറ്റാർപുഴയിൽനിന്ന് മണിമലയാറ്റിലേക്കും ഒഴുകിയെത്തുന്നതിന് ഇടയാക്കും.
ഇവ വെള്ളത്തിൽകിടന്ന് നശിക്കുന്നത് വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നതിനും ഇടയാക്കും.