എരുമേലിയിൽ ജനസാഗരം, പൂഞ്ഞാറില്‍ അഡ്വ ടോമി കല്ലാനിയുടെ വിജയമുറപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോ.
എരുമേലി : എരുമേലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഗമത്തിനാണ് ശനിയാഴ്ച ടൗൺ സാക്ഷ്യംവഹിച്ചത്. പ്രസിദ്ധമായ എരുമേലി പേട്ടത്തുള്ളലിനെ അനുസ്മരിപ്പിക്കുന്നതുപോലെയായിരുന്നു ജനക്കൂട്ടം. പൊരിഞ്ഞ വെയിലിനെ കൂസാതെ മണിക്കൂറുകളോളം കാത്തിരുന്നവര്‍ക്കിടയില്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആവേശം ഇരട്ടിയാക്കി രാഹുല്‍ ഗാന്ധിയെത്തി. പോലീസിന്റെ നിയന്ത്രണങ്ങൾ പൊട്ടിച്ചെറിഞ്ഞു ജനക്കൂട്ടം രാഹുൽ ഗാന്ധിയെ ഒരുനോക്ക് കാണുവാൻ തിക്കിത്തിരക്കി .
മൂവര്‍ണ്ണക്കൊടി വീശിയും കട്ടൗട്ടുകള്‍ ഉയര്‍ത്തിയും പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവേശ ലഹിരിയിലായി. വാഹനത്തിന്റെ റൂഫ് ടോപ്പ് മാറ്റി സ്ഥാനാര്‍ത്ഥിയും രാഹുല്‍ ഗാന്ധിയും ഒരുമിച്ച് എല്ലാവരെയും അഭിവാദ്യം ചെയ്തു. തുടര്‍ന്ന് വലിയമ്പലത്തിൽ കയറി തൊഴുത് കാണിക്ക സമർപ്പിച്ചു. തുടർന്ന് റോഡ്‌ഷോയില്‍ ഇരുവശവും തിങ്ങി നിറഞ്ഞ ആയിരങ്ങളെ അഭിവാദ്യം ചെയ്ത് മുമ്പോട്ടു പോകുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം വാനോളം .
തുടര്‍ന്ന് പേട്ടക്കവലയിലെത്തിയപ്പോള്‍ ചെറിയമ്പലത്തിലേക്കും വാവരു പള്ളിയിലേക്കും നോക്കി തൊഴുതു. പിന്നെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന പ്രസംഗം നടത്തി. കെസി വേണുഗോപാല്‍ എംപി പ്രസംഗം മൊഴിമാറ്റി. രാഹുല്‍ ഗാന്ധിയുടെ ഓരോ വാക്കിനും കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് തിങ്ങിക്കൂടിയ ജനക്കൂട്ടവും ആവേശമാക്കി. പ്രസംഗ ശേഷം വാഹനത്തിന്റെ അരികിൽ നിന്നിരുന്ന അനിഘ എന്ന മൂന്നുവയസ്സുകാരി കൊച്ചു പെണ്‍കുട്ടിയെ അരികിലേക്ക് വിളിച്ച് പൂവും മിഠായിയും നല്‍കി സ്‌നേഹം പ്രകടിപ്പിച്ചു.
ഇതിനിടെ സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി വോട്ടഭ്യർത്ഥന നടത്തി. വാഹനത്തില്‍ നിന്നും ചാടിയിറിങ്ങി രാഹുൽ ചെറിയമ്പലത്തിലും വാവരു പള്ളിയിലും കയറി കാണിക്കയിട്ട് തൊഴുതു. തുടർന്ന് കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ എത്തി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനെ സന്ദർശിച്ചു, ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. തുടർന്ന് ഇടുക്കി ജില്ലയിലെ പ്രചരണത്തിനായി രാഹുൽ ഗാന്ധി
ഹെലികോപ്ടറില്‍ പീരുമേട്ടിലേക്ക് പോയി .