ആനക്കല്ല് – വണ്ടന്‍പാറ- പൊടിമറ്റം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
കാഞ്ഞിരപ്പള്ളി: ആനക്കല്ല് – വണ്ടന്‍പാറ- പൊടിമറ്റം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡിലെ വീതിയില്ലാതിരുന്ന ഭാഗത്ത് ഓടയുടെ മുകളിലൂടെ സ്ലാബിട്ട് വീതി കൂട്ടുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.
പാറത്തോട് പഞ്ചായത്ത് 18ാം വാര്‍ഡിലെ പൊടിമറ്റം റോഡില്‍ നിന്ന് ആനക്കല്ല് ഭാഗത്തേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വീതി കൂട്ടുന്നത്. പൊതുമരമാത്ത് വകുപ്പിന്റെ 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. 180 മീറ്ററോളം ഓടയ്ക്ക് മുകളിലൂടെ സ്ലാബ് ഇടുകയും റീടാറിംഗും ഉള്‍പ്പടെയുള്ള എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്.
വെള്ളമൊഴുക്കിന് തടസമുണ്ടാകാത്ത രീതിയില്‍ ഓട കെട്ടി വാര്‍ത്ത ശേഷം സ്ലാബുകള്‍ സ്ഥാപിക്കും. വീതിയില്ലാതിരുന്ന ഈ ഭാഗത്ത് കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമേ കടന്നു പോകാന്‍ സാധിക്കു. എതിരേ വാഹനങ്ങള്‍ വന്നാല്‍ സമീപത്തെ വീടുകളുടെ മുറ്റത്തേക്ക് കയറ്റുകയോ വാഹനം പിന്നോട്ട് എടുക്കുകയോ ആണ് ചെയ്തിരുന്നത്. സ്കൂള്‍ ബസുകള്‍ അടക്കം പോകുന്ന റോഡിന് വീതിയില്ലാത്തത് ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. വാര്‍ഡംഗവും പഞ്ചായത്ത് പ്രസിഡന്റുമായ ജോണിക്കുട്ടി മഠത്തിനകത്തിന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
