ആശ്വാസ വാർത്ത ; എരുമേലിയിൽ കോവിഡ് ചികിത്സാകേന്ദ്രം പ്രവർത്തനം ആരംഭിച്ചു . എരുമേലിയിലെ ഡി.സി. സെന്റർ പ്രാഥമിക ചികിത്സാകേന്ദ്രമാക്കി മാറ്റി
എരുമേലി: കോവിഡ് വ്യാപനം രൂക്ഷമായ എരുമേലിയിൽ രോഗബാധിതർക്കും ബന്ധുക്കൾക്കും ആശ്വാസ വാർത്ത . കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം എരുമേലിയിൽ തുറന്നു. കളക്ടറുടെ നിർദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറാണ് അനുമതി നൽകിയത്. എരുമേലി ടൗണിന് സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ഡി.സി. സെന്ററാണ് പ്രാഥമിക ചികിത്സാകേന്ദ്രമാക്കിയത്.
മൂന്ന് ഷിഫ്റ്റുകളിലായി മൂന്നു ഡോക്ടർമാർ, ആറു നഴ്‌സുമാർ, നാല് ശുചീകരണപ്രവർത്തകർ എന്നിവരുടെ സേവനം ലഭിക്കും. 85 പേർക്കുള്ള സൗകര്യമാണുള്ളത്. ആവശ്യത്തിന് ഓക്‌സിജൻ സിലിൻഡറുകളും മറ്റ് സൗകര്യങ്ങളും സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. രോഗബാധിതരുടെ സഹായത്തിനായി ചികിത്സാകേന്ദ്രത്തിന് സമീപം ഹെൽപ്പ് ഡെസ്‌ക് രണ്ടു ദിവസത്തിനുള്ളിൽ സജ്ജമാകും.
വാർഡുതലത്തിൽ ജാഗ്രതാസമിതികളുടെ പ്രവർത്തനം നടക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി പറഞ്ഞു.
കോവിഡ് ബാധിതരെ ആശുപത്രിയിലാക്കുന്നതിനും മറ്റ് സഹായങ്ങൾക്കുമായി വാഹനസൗകര്യം ക്രമീകരിച്ചു. വൃദ്ധസദനത്തിനും ഷീലോഡ്ജിനുമായി നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങൾ ഡി.സി. സെന്ററാക്കണമെന്ന് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.