നിയന്ത്രണങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ കടകൾ ആഴ്ചയിൽ രണ്ടുദിവസംമാത്രം
കാഞ്ഞിരപ്പള്ളി: കോവിഡ് വ്യാപനത്തെത്തുടർന്ന് ഗ്രാമപ്പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കുക. ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയാണ് കടകൾ തുറക്കുക. ഹോട്ടലുകൾക്ക് രാവിലെ എട്ടുമുതൽ 7.30വരെയാണ് പ്രവർത്തനാനുമതി. പാഴ്‌സൽ സൗകര്യം മാത്രമാണുള്ളത്. പച്ചക്കറി മൊത്തവ്യാപാര കടകൾക്ക് ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ 7.30വരെ പ്രവർത്തിക്കാം. പഞ്ചായത്തിലെ 17 വാർഡുകളിലും അധിക നിയന്ത്രണങ്ങളുണ്ട്.
മെഡിക്കൽ സ്റ്റോർ, സപ്ലൈകോ സൂപ്പർ മാർക്കറ്റ്, റേഷൻകടകൾ, സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കും. അവശ്യവസ്തുക്കൾക്ക് ഹോം ഡെലിവറി സർവീസുകൾ പ്രയോജനപ്പെടുത്തണമെന്നാണ് നിർദേശം.
കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിലും പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളും പോലീസ് അടച്ച് പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. ആനക്കല്ല്-വണ്ടൻപാറ-പൊടിമറ്റം റോഡും കമ്പികെട്ടി അടച്ചു. മറ്റ് പ്രദേശത്തുനിന്നുള്ളവർ പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.