ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കരുതലിന്റെ സാക്ഷ്യം: കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി: അശരണരെയും പാവപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തി അവര്‍ക്കായി പദ്ധതികള്‍ വിഭാവനം ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു കാലംചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ആഴമേറിയ പ്രാര്‍ത്ഥനയുടെയും അറിവിന്റെയും വെളിച്ചത്തില്‍ വിശ്വാസസമൂഹത്തെ നയിച്ച കാതോലിക്കാ ബാവയുടെ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവ സഭയ്ക്കും സമൂഹത്തിനും മുതല്‍ക്കൂട്ടാണ്. കരയുന്നവരുടെ കണ്ണുനീര്‍ തുടയ്ക്കുമ്പോഴാണ് സുവിശേഷം യാഥാര്‍ത്ഥ്യമാകുന്നതെന്ന് കാണിച്ചുതന്ന് അനേകരിലേയ്ക്ക് കരുതലിന്റെ കരങ്ങള്‍ നീട്ടിയ അദ്ദേഹം ചെയ്ത നന്മകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും മാര്‍ ജോസ് പുളിക്കല്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
ഏല്പ്പിക്കപ്പെട്ടിരുന്ന തിരക്കേറിയ ഉത്തരവാദിത്വങ്ങള്‍ക്കിടയിലും സൗഹൃദങ്ങള്‍ ഊഷ്മളമായി കാത്തുസൂക്ഷിക്കുകയും സഹജീവികളുടെ ക്ഷേമം പ്രാര്‍ത്ഥനയുടെ വിഷയമാക്കി പ്രവര്‍ത്തിക്കുകയും ചെയ്ത ഇടയശ്രേഷ്ഠനാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എന്ന് മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു.
സഭാധ്യക്ഷന്റെ വേര്‍പാടില്‍ വേദനിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വിശ്വാസികളോടും ബന്ധുമിത്രാദികളോടും കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്യുകയും വേര്‍പാടിന്റെ വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലും മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും അറിയിച്ചു.