നിയന്ത്രണം വിട്ട കാര്‍ കിണറിലിടിച്ചു ; സംരക്ഷണഭിത്തി തകർന്ന് രണ്ടുകുട്ടികൾ കിണറ്റിൽ വീണു.
കൂരാലി: വീട്ടുമുറ്റത്തെ ഷെഡ്ഡിൽനിന്നെടുത്ത കാർ നിയന്ത്രണംവിട്ട് 15 അടി അകലത്തിലുള്ള കിണറ്റിലേക്ക് പാഞ്ഞു. ഭിത്തി തകർത്ത് കാറിന്റെ മുൻവശം കിണറിനുള്ളിൽപെട്ട് തങ്ങിനിന്നു. ഈ സമയം കിണറിന്റെ വക്കത്തിരിക്കുകയായിരുന്ന രണ്ടുകുട്ടികൾ തകർന്ന ഭിത്തിക്കൊപ്പം കിണറ്റിലേക്ക് വീണു. ഇവരുടെ പിതൃസഹോദരൻ ഉടൻതന്നെ കിണറ്റിലേക്ക് ഊർന്നിറങ്ങി രക്ഷാപ്രവർത്തനം നടത്തിയതിനാൽ പരിക്കില്ലാതെ കുട്ടികൾ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ എട്ടിന് പനമറ്റം ഇലവനാൽ മുഹമ്മദ് ഷബീറിന്റെ വീട്ടുമുറ്റത്താണ് പരിസരവാസികളെ നടുക്കിയ അപകടമുണ്ടായത്.
ഷബീർ ഷെഡ്ഡിൽനിന്ന് കാർ പുറത്തേക്കിറക്കവേ അബദ്ധത്തിൽ ആക്‌സിലറേറ്റർ കൂടിയതിനാൽ അപ്രതീക്ഷിതമായി കാർ മുമ്പോട്ടു പായുകയായിരുന്നു. റിങ്ങുകൾകൊണ്ട് സംരക്ഷണഭിത്തി തീർത്ത കിണറിന്റെ മുകളിൽ ഇരുമ്പുവലയുണ്ടായിരുന്നു. ഷബീറിന്റെ മകൾ ഷിഫാന(14), ഷബീറിന്റെ അനുജൻ സത്താറിന്റെ മകൻ മുഫസിൻ(നാലര) എന്നിവർ കിണറിന്റെ ഭിത്തിയിൽ വലയുടെ മുകളിലായി ഇരിക്കുകയായിരുന്നു. ഭിത്തി തകർന്ന് താഴേക്ക് പതിച്ചപ്പോൾ ഇരുവരും കിണറിനുള്ളിൽപെട്ടു. ഭിത്തിയുടെ ഭാഗം മറ്റൊരുവശത്തേക്ക് പതിച്ചതിനാൽ കുട്ടികൾ പരിക്കേൽക്കാതെ നേരേ വെള്ളത്തിലേക്കുവീണു. 32 അടിയോളം താഴ്ചയുണ്ടായിരുന്ന കിണറ്റിൽ ഏഴടിയോളം വെള്ളമുണ്ടായിരുന്നു. ഷബീർ ഇടതുവശത്തെ വാതിലിലൂടെ സുരക്ഷിതമായി കിണറിന്റെ കരയിലേക്കിറങ്ങി.
ശബ്ദംകേട്ട് ഓടിയെത്തിയ ഷബീറിന്റെ ജ്യേഷ്ഠസഹോദരൻ ഇ.ജെ.സക്കീർഹുസൈൻ മൗലവി പമ്പ്‌സെറ്റിന്റെ പൈപ്പിലൂടെ കിണറിനുള്ളിലേക്ക് ഊർന്നിറങ്ങി. വഴുക്കലുള്ള പൈപ്പായതിനാൽ പിടിവിട്ടുപോകുമെന്ന ഘട്ടത്തിൽ ഇദ്ദേഹം വെള്ളത്തിലേക്ക് ചാടി. ഇതിനകം ഷിഫാന, മുഫസിനെ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചിരുന്നു. സക്കീർഹുസൈൻ അടിത്തട്ടിലെത്തി ഇരുവരെയും വെള്ളത്തിൽനിന്നുയർത്തി കിണറിന്റെ ഒരുവശത്തെ പാറക്കെട്ടിൽ പിടിച്ചുനിന്നു. കുട്ടികളുടെ മുത്തച്ഛൻ ആസാദ്, അനസ് മുഹമ്മദ്, ഷിഹാബ്, മുജീബ് മൗലവി, നിസാർ തുടങ്ങിയവർ ചേർന്ന് കസേരകെട്ടിയിറക്കി ഷിഫാനയെ കരയിലെത്തിച്ചു. സക്കീർ ഹുസൈനെയും മുഫസിനെയും കാഞ്ഞിരപ്പള്ളിയിൽനിന്നെത്തിയ അഗ്നിരക്ഷാസേന വലയിൽ കയറ്റിയാണ് കരയിലെത്തിച്ചത്. സക്കീർഹുസൈൻ മൗലവി കാഞ്ഞിരപ്പള്ളി ബസ്‌സ്റ്റാൻഡ് പള്ളിയിലെ ഇമാമാണ്. കുട്ടികളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. പരിക്കുകളില്ലാത്തതിനാൽ വിട്ടയച്ചു.
.