തിരക്ക് ഒഴിവാക്കി രണ്ടാം ഡോസ് വാക്സിനേഷൻ നല്കുവാൻ കോട്ടയം ജില്ലയിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ

മുൻഗണനയുടെ അടിസ്ഥാനത്തിലും തിരക്ക് ഒഴിവാക്കിയും കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് നൽകുന്നതിന് കോട്ടയം ജില്ലയിൽ ഏർപ്പെടുത്തിയ ക്രമീകരണം വിജയകരമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രത്യേകമായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് രണ്ടാം ഡോസ് എടുക്കാൻ സമയമായവർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുതന്നെ കൃത്യസമയം അറിയിച്ച് എസ്.എം.എസ്. നൽകുന്നത്.

ആദ്യ ഡോസ് എടുത്ത് കൂടുതൽ ദിവസം പിന്നിട്ടവർക്കാണ് മുൻഗണന. ഓരോരുത്തർക്കും സമയം നൽകുന്നതുകൊണ്ടുതന്നെ ഓരേ സമയം കൂടുതൽ ആളുകൾ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്ന സാഹചര്യം ഒഴിവാകും. മൊബൈൽ ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് ഓൺലൈൻ ബുക്കിങ് നടത്താൻ കഴിയാത്തവർ ഉൾപ്പെടെ എല്ലാവർക്കും രണ്ടാം ഡോസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ സാധിക്കും.

ചങ്ങനാശ്ശേരി വടക്കേരയിൽ താമസിക്കുന്ന മുട്ടാർ സ്വദേശി സജി കുര്യൻ തയ്യാറാക്കിയ ഗിഗ്കാർട്ട് ആപ്ലിക്കേഷനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സൗജന്യമായി ലഭ്യമാക്കിയത്. കോവിൻ പോർട്ടലിൽ ഇത്തരം ക്രമീകരണത്തിനുള്ള സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് ആപ്ലിക്കേഷന്‍റെ സാധ്യത പ്രയോജനപ്പെടുത്താൻ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടർ എം.അഞ്ജന പറഞ്ഞു. വാർഡ് തലത്തിൽ ആശാ പ്രവർത്തകരും ആരോഗ്യപ്രവർത്തകരും തയ്യാറാക്കുന്ന പട്ടികയിൽനിന്നാണ് രണ്ടാം ഡോസ് വാക്സിനേഷനുള്ള മുൻഗണനാക്രമം നിശ്ചയിക്കുന്നത്. രണ്ടാം ഡോസ് സ്വീകരിക്കാൻ സമയമായവർ അതത് പ്രദേശത്തെ ആശാ പ്രവർത്തകരെ വിവരമറിയിച്ചാൽ മതിയാകുമെന്ന് കളക്ടർ പറഞ്ഞു.

error: Content is protected !!