കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം വരുന്നു
കാഞ്ഞിരപ്പള്ളി: കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം വരുന്നു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിൽ പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കേണ്ട റോഡുകളെ സംബന്ധിച്ചും കോട്ടയം – പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തെ സംബന്ധിച്ചും ആന്റോ ആന്റണി എംപി കേരള റൂറൽ റോഡ്സ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
എംപിയുടെ നിർദേശപ്രകാരം നിർദിഷ്ട പദ്ധതിയിൽപ്പെട്ട വിവിധ റോഡുകൾ പരിശോധ നടത്തി റിപ്പോർട്ട് നൽകി. വാഴൂർ ബ്ലോക്കിലെ കങ്ങഴ, വെള്ളാവൂർ ഗ്രാമപഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന പ്ലാക്കൽ പടി, വെള്ളാവൂർ, നീറനാനി റോഡ് സംഘം പരിശോധന നടത്തി. ഈ റോഡിന്റെ അവസാന ഭാഗത്തു നിന്ന് മണിമലയാറിന് കുറുകെ പാലം നിർമിച്ച് പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ത്വരിത ഗതിയിലാക്കണമെന്ന് എംപി ആവശ്യപ്പെട്ടു. നിർദിഷ്ട പാലത്തിന് 80 മീറ്റർ നീളവും 5.5 മീറ്റർ വീതിയും നടപ്പാതയും ആവശ്യമാണ്.
പത്തനംതിട്ട മണ്ഡലത്തിലെ എട്ടു മീറ്റർ വീതിയുള്ള വിവിധ റോഡുകൾ പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ എംപി ആവശ്യപ്പെട്ടു. പ്രളയത്തിൽ തകർന്ന ഇളംകാട് – കൊടുങ്ങ റോഡും സംഘം സന്ദർശിച്ചു. പ്രളയ ഫണ്ടിൽ നിന്ന് ഈ റോഡിന്റെ പൂർണമായും തകർന്ന 400 മീറ്റർ ദൂരം ടൈലുകൾ പാകി പുനർ നിർമിക്കുന്നതിന് അനുവദിച്ച 27 ലക്ഷം ഉയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എംപി അറിയിച്ചു.
കെഎസ്ആർആർഡി സൂപ്രണ്ടിംഗ് എൻജിനിയർ അജിത്, എംപവേർഡ് ഓഫീസർ സനൽ, സംസ്ഥാന ടെക്നിക്കൽ ഏജൻസിയുടെ ദക്ഷിണ കേരള കോ-ഓർഡിനേറ്റർ ഡോ. അനിൽ രഘുനാഥൻ, അസിസ്റ്റന്റ് എൻജിനിയർമാരായ പ്രമോദ്, സുരേഷ് കുമാർ, ജിത്ത് ജോസഫ് എന്നിവർ ആന്റോ ആന്റണി എംപിയുമായുളള ചർച്ചയിൽ പങ്കെടുത്തു.