ഇന്ധന വില കുറയ്ക്കണം: കത്തോലിക്ക കോൺഗ്രസ്
കാഞ്ഞിരപ്പള്ളി: ജനങ്ങളുടെ നട്ടെല്ലൊടിച്ച് അനുദിനം കുതിച്ചുയരുന്ന ഇന്ധന വിലവർധനവിൽ കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി പ്രതിഷേധിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും രാജ്യത്ത് ഓരോ ദിവസവും പെട്രോൾ, ഡീസൽ വില വർധിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ ഡീസൽ വിലയും 100 കടന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാവുമെന്ന് ഉറപ്പാണ്. ഇതിനിടെ പാചക വാതക വില അടിക്കടി വർധിപ്പിക്കുന്നത് പകൽകൊള്ളയാണ്. സംസ്ഥാന സർക്കാരിന് നികുതി കുറച്ച് വില നിയന്ത്രിക്കുവാൻ സാധിക്കുമെങ്കിലും അതിന് തയാറാവാത്തത് പ്രതിഷേധാർഹമാണ്.
ഇന്ധന വില വർധനവിൽ രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന നിസംഗത അവസാനിപ്പിക്കണമെന്നും വിലക്കയറ്റത്തിനെതിരേ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി മുന്നറിയിപ്പു നൽകി.
രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ റവ.ഡോ. മാത്യു പാലക്കുടി ഉദ്ഘാടനം ചെയ്തു. ട്രഷറർ ജോജോ തെക്കുംചേരിക്കുന്നേൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ടെസി ബിജു പാഴിയാങ്കൽ, ഭാരവാഹികളായ ആൻസി സാജൻ പുന്നമറ്റത്തിൽ, സിനി ജിബു നീറനാക്കുന്നേൽ, മനോജ് കല്ലുകളം, റെജി കൊച്ചു കരിപ്പാപ്പറമ്പിൽ, ജോളി ആന്റണി പുതിയ വീട്, ജിൻസ് പള്ളിക്കമ്യാലിൽ, ചാക്കോച്ചൻ വെട്ടിക്കാട്ടിൽ, സണ്ണിക്കുട്ടി അഴകംപ്രായിൽ, ലൗലി മനോജ്, സബിൻ ജോൺ എന്നിവർ പ്രസംഗിച്ചു.