ഫോർഡ് ഇന്ത്യ വിടുമ്പോൾ..
വാഹനപ്രേമികളുടെ ഹൃദയം കീഴടക്കിയ ‘ഫോർഡ്’ ഇന്ത്യ വിടുമ്പോൾ നിലവിലുള്ള ഉടമകൾക്ക് ആശങ്കയുടെ ആവശ്യമുണ്ടോ…? കേരളം പോലൊരു വിപണിയിൽ അത്തരം ആശങ്കകൾ ഇല്ലെന്നാണ് ഫോർഡ് ഡീലർഷിപ്പുകളിൽ നിന്നുള്ള പ്രതികരണം.
നിലവിലെ ഉടമകളെയും ഡീലർഷിപ്പുകളെയും ബാധിക്കുമോ?
ഫോർഡ് ഇന്ത്യ വിടുന്നതായി അറിയിച്ചെങ്കിലും നിലവിലെ ഫോർഡ് ഉടമകളെയും ഡീലർഷിപ്പുകളെയും ഇത് ബാധിക്കില്ല.
ഉപഭോക്താക്കൾക്ക് സർവീസ് ഉറപ്പാക്കുന്നതിന് ഫോർഡ് ഇന്ത്യയുടെ പിന്തുണ ഡീലർഷിപ്പുകൾക്ക് ഉണ്ടാകും.
പാർട്‌സ്, വാറന്റി, സർവീസ് തുടങ്ങിയ കാര്യങ്ങളിൽ ഡീലർഷിപ്പുകൾക്ക് വേണ്ട പിന്തുണ നൽകുമെന്നാണ് കമ്പനി അറിയിക്കുന്നത്.
എത്ര വർഷത്തേക്ക് ഫോർഡ് സർവീസ്ഉറപ്പാക്കും ?
പത്ത് വർഷത്തേക്ക് സേവനം നൽകും. പാർട്‌സ്, റിപ്പയർ, വാറന്റി സേവനങ്ങൾ ഉറപ്പാക്കുമെന്നും കമ്പനി പറയുന്നു. അതുകൊണ്ട്, വാഹനം കൃത്യമായി സർവീസ് ചെയ്യാൻ സാധിക്കും. വാറന്റിയും നഷ്ടപ്പെടില്ല.
സ്റ്റോക്ക് തീരുംവരെ ഡെലിവറി
പുതുതായി ഫോർഡ് വാഹനങ്ങൾ ബുക്ക് ചെയ്തവർക്ക് അതത് ഡീലർഷിപ്പുകളിലെ സ്റ്റോക് അനുസരിച്ച് വാഹനത്തിന്റെ ഡെലിവറി ഉറപ്പാക്കിയിട്ടുണ്ട്. വാഹനം നൽകാൻ കഴിയാത്തവർക്ക് ബുക്ക് ചെയ്ത ടോക്കൺ തുകയും തിരിച്ചുനൽകി.
അതേസമയം, ഇന്ത്യ വിടുന്നതായുള്ള പ്രഖ്യാപനം വന്നിട്ടും മിക്ക ഡീലർഷിപ്പുകളിലും ബുക്ക് ചെയ്ത വാഹനം കിട്ടുമോ എന്നായിരുന്നു ഉപഭോക്താക്കളുടെ അന്വേഷണം.
ഡീലർഷിപ്പുകൾ അടച്ചുപൂട്ടില്ല
ഡീലർഷിപ്പ് സ്ഥാപനങ്ങൾ നിലവിൽ സെയിൽസ് ആൻഡ് സർവീസ് എഗ്രിമെന്റിലാണ് പ്രവർത്തിക്കുന്നത്. ഇനിയിത് പാർട്‌സ് ആൻഡ് സർവീസ് എഗ്രിമെന്റായി പുനഃസംഘടിപ്പിക്കും. നിലവിൽ പാർട്‌സ്, സർവീസ് വാറന്റി എന്നിവ ഡീലർ ഷോറൂമുകളിൽ ഉറപ്പാക്കുന്നുണ്ട്. ഡീലർ ബിസിനസ് സാധാരണനിലയിലാണ്.
റീ-സെയിൽ മൂല്യം കുറയും
ഫോർഡ് ഉടമകൾ നേരിടാൻപോകുന്ന വലിയ പ്രശ്നം വാഹനത്തിന്റെ റീ-സെയിൽ മൂല്യം സംബന്ധിച്ചതാണ്. വണ്ടി നല്ലതായതുകൊണ്ട് ആളുകൾക്ക് വിൽക്കാൻ താത്‌പര്യം കുറയും. സർവീസ് സപ്പോർട്ട് ഉറപ്പാക്കിയാൽ ഇതൊരു പ്രശ്നമല്ല. ഫോർഡിന് ജി.എം. പോലെ ഇന്ത്യ വിടാൻ കഴിയില്ല. ചെന്നൈ പ്ലാന്റ് കേന്ദ്രീകരിച്ച് മാത്രം 11,000 ജീവനക്കാർ ഫോർഡിന് ഇന്ത്യയിലുണ്ട്. ചെന്നൈ കേന്ദ്രീകരിച്ചുള്ള ഗ്ലോബൽ ബിസിനസ് സർവീസ് സെന്ററിനു കീഴിലായിരിക്കും തുടർന്ന് സർവീസ് സപ്പോർട്ട് കമ്പനി നൽകുന്നത്. ലോകത്തുള്ള പല ഗ്ലോബൽ ഔട്ട്‌സോഴ്‌സിങ്ങും ഇവിടെ നിന്നാണ് ചെയ്യുന്നത്. ഇന്ത്യയിലെ ഉടമകൾക്കും ഇവിടെനിന്ന് സേവനമെത്തിക്കാൻ കമ്പനിക്ക് യാതൊരു പ്രയാസവുമുണ്ടാകില്ല. രണ്ടോ മൂന്നോ മാസത്തിനകം സർവീസ് സ്ട്രാറ്റജി കമ്പനി വ്യക്തമാക്കിയേക്കും.
ഇലക്‌ട്രിക്കിൽ തിളങ്ങി വരുമോ?
ഐക്കോണിക് വാഹനങ്ങളും ഇലക്‌ട്രിക് എസ്.യു.വി.കളുമായി ഇന്ത്യയിൽ പ്രവർത്തനം പുനഃസംഘടിപ്പിക്കുമെന്നും പൂർണമായി രാജ്യം വിടില്ലെന്നുമാണ് ഫോർഡ് അറിയിച്ചിട്ടുള്ളത്. മസ്താങ് കൂപ്പെ, മസ്താങ് മാക് തുടങ്ങിയ ഇറക്കുമതി വാഹനങ്ങളുടെ വിൽപ്പനയും തുടരും. കൂടുതൽ പ്രീമിയം ഇലക്‌ട്രിക് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചുകൊണ്ട് ഈ വിഭാഗത്തിൽ ശക്തമായ തിരിച്ചുവരവുണ്ടായേക്കുമെന്നും പ്രതീക്ഷിക്കാം.