തിരുവനന്തപുരം -അങ്കമാലി മലയോരപാത വരുന്നു
എംസി റോഡിനു സമാന്തരമായി മലയോര മേഖലയിലൂടെ തിരുവനന്തപുരം -അങ്കമാലി 4 വരി ദേശീയപാത വരുന്നു.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഗ്രീൻഫീൽഡ് സാമ്പത്തിക ഇടനാഴി യായ റോഡിന്റെ നിർദിഷ്ട വീതി 45 മീറ്ററാണ്.നീളം 227.5 കിലോമീറ്റർ. ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനുള്ള പ്രാഥമിക സർവേ തുടങ്ങി. ആറ് ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം. ജനവാസം കുറഞ്ഞ മേഖലയാണ് ഇതിനായി തിരഞ്ഞെടുത്തത്;
കൂടുതലും റബർ തോട്ടങ്ങളും വയലുകളും ഉള്ള പ്രദേശങ്ങൾ. തിരുവനന്തപുരത്തു നിന്നാരംഭിച്ച് നെടുമങ്ങാട്, വിതുര, പാലോട്, മടത്തറ, കുളത്തുപ്പുഴ,പുനലൂർ, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂർ എന്നീ മേഖലകളിലൂടെ കടന്നുപോകും. അലൈൻമെന്റിൽ തിരുവനന്തപുരം, മാങ്കോട്, ചിങ്ങോലി, കരുകോൺ, ആലഞ്ചേരി, അയണിമൂട്, വെഞ്ചേമ്പ്, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, അന്തിനാട്, തൊടുപുഴ, മലയാറ്റൂർ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരത്ത് ചെങ്കോട്ട പാത തുടങ്ങുന്ന ഭാഗത്താണ് ഇതിന്റെയും ആരംഭം. അങ്കമാലിയിൽ പുതിയ കൊച്ചി ബൈപാസിലാണ് അവസാനിക്കുന്നത്. ഭോപ്പാൽ ആസ്ഥാനമായുള്ള ഹൈവേ എൻജിനീയറിങ് കൺസൾട്ടൻസിയാണ് പ്രാഥമിക സർവേ ജോലികൾക്കു കരാർ എടുത്തത്.തിടനാട്ട് കഴിഞ്ഞ ദിവസം സർവേ ആരംഭിച്ചു. പുനലൂർ, പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, തൊടുപുഴ എന്നിവിടങ്ങളിൽ പ്രധാന ടൗണുകളിൽ പ്രവേശിക്കില്ല.
കോന്നിയിൽനിന്ന് കുമ്പഴ, മൈലപ്ര വഴി കുമ്പളാംപൊയ്കയിൽ എത്തും, വടശേരിക്കര ടൗണിൽ എത്താതെയാണ് പമ്പാനദി കടക്കുന്നത്. റാന്നിയിൽ പെരുമ്പുഴ, ഇട്ടിയപ്പാറ ടൗണുകളിലും എത്തില്ല. സീറോ ഫോറസ്റ്റ് സർവേ, ടോപോഗ്രാഫിക് സർവേ തുടങ്ങിയവ പൂർത്തിയാക്കിയ ശേഷം അവസാന അലൈൻമെന്റ് നിശ്ചയിക്കും. എംപിമാരുമായും സംസ്ഥാന സർക്കാരുമായും ചർച്ച നടത്തിയാണ് അവസാന അലൈൻമെന്റിനു രൂപം നൽകുക. അതിനു ശേഷം ലൊക്കേഷൻ സർവേ നടത്തും.
ശബരിമല, എരുമേലി, ഭരണങ്ങാനം എന്നിവിടങ്ങളിൽ എത്തുന്ന തീർഥാടകർക്ക് പ്രയോജനപ്പെടും വിധം തീർഥാടന, ടൂറിസം മേഖലകളിലെ ബന്ധിപ്പിച്ചാണ് സർവേ നടക്കുന്നത്. കുളത്തുപ്പുഴ, തെന്മല, പുനലൂർ, കോന്നി മേഖലകളിലെ ടൂറിസം വികസനത്തിനും അവികസിത മലയോര ഗ്രാമങ്ങളുടെ സമഗ്രവികസനത്തിനും പുതിയ പാത സഹായകമാകുമെന്നാണ് പ്രതീക്ഷ. എംസി റോഡ് 236 കിലോമീറ്റർ ആണെങ്കിൽ പുതിയ നാലുവരിപ്പാതയ്ക്ക് എട്ടര കിലോമീറ്റർ കുറവാണ് . അവസാനഘട്ട അലൈൻമെന്റ് സർവേ പൂർത്തിയാകുമ്പോൾ ദൂരത്തിൽ വ്യതിയാനം വരാം.