കാഞ്ഞിരപ്പള്ളിയെ നടുക്കിയ ബസ് അപകടത്തിന് 50 ആണ്ട്
എരുമേലി: കാഞ്ഞിരപ്പള്ളിയെ നടുക്കിയ ബസ് അപകടത്തിന് ഇന്നലെ 50 ആണ്ട്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു സമീപത്തെ വളവിൽ നിന്ന് 70 അടി താഴ്ചയിൽ ചിറ്റാർ പുഴയിലേക്കാണ് പാലായിൽ നിന്ന് എരുമേലിക്ക് പുറപ്പെട്ട കെഎൽഎഫ് 1310 നമ്പറുള്ള ബസ് മറിഞ്ഞത്. അപകടത്തിൽ 12 വയസുള്ള കുട്ടി ഉൾപ്പെടെ 14 പേർ മരണപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 1972 ജനുവരി നാലിനായിരുന്നു നടുക്കിയ ആ അപകടം.
അപകടത്തെക്കുറിച്ച് ഓർക്കുമ്പോൾ കൂവപ്പള്ളി കുളപ്പുറം കൊച്ചുപറമ്പിൽ കുടുംബത്തിലെ അംഗങ്ങളുടെ മനസിലുണ്ട് ആലീസ് ടീച്ചറുടെ പുഞ്ചിരിതൂകുന്ന മുഖം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്കൂളിലെ അധ്യാപികയായിരുന്ന ആലീസ് ടീച്ചർ എന്നും പതിവ് പോലെ സ്കൂളിലേക്ക് പൊൻകുന്നം സ്റ്റാൻഡിൽ നിന്നു പതിവായി പോയിരുന്ന ബസാണ് അന്ന് അപകടത്തിൽപ്പെട്ടത്. അന്ന് പതിവുപോലെ സ്കൂളിലേക്ക് പോകാൻ ടീച്ചർ ധൃതിയിൽ ഓടിയെത്തിയപ്പോഴേക്കും സെക്കൻഡുകളുടെ വ്യത്യാസത്തിൽ ബസ് കടന്നുപോയിരുന്നു.
ആലീസ് ടീച്ചർ പതിവായി സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടതറിഞ്ഞ് ബന്ധുക്കൾ സ്കൂളിൽ അന്വേഷിച്ചപ്പോൾ ടീച്ചർ എത്തിയിട്ടില്ലെന്ന് അറിഞ്ഞു. അതോടെ അപകടത്തിൽപ്പെട്ടെന്നു കരുതി ടീച്ചറെ അന്വേഷിച്ച് ആശുപത്രിയിലേക്ക് ഓടി. അവിടെങ്ങും കാണാതെ വന്നപ്പോൾ എല്ലാവരുടെയും മനസിൽ ആധിയായി. എന്നാൽ എല്ലാവരെയും വിസ്മയിപ്പിച്ച് ടീച്ചർ പതിവുള്ള പുഞ്ചിരിയോടെ എത്തിയപ്പോൾ സങ്കടം നിറഞ്ഞൊഴുകിയ മിഴികളിൽ സന്തോഷം തൂകി.
വർഷങ്ങളോളം വിവിധ സ്കൂളുകളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ച് കൊരട്ടി സെന്റ് മേരീസ് സ്കൂളിൽ ഹെഡ്മിസ്ട്രസായി വിരമിച്ച ടീച്ചർ പത്ത് വർഷം മുമ്പാണ് മരണപ്പെട്ടത്. ഭർത്താവ് കെ.ജെ. തോമസ് കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് സ്കൂളിലെ അധ്യാപകനായിരുന്നു. അന്ന് ബസ് നഷ്ടപ്പെട്ടത് ദൈവം നൽകിയ ഭാഗ്യമാണെന്ന് എപ്പോഴും ടീച്ചർ പറയുമായിരുന്നെന്ന് മകൻ ജോസ് തോമസ് പറഞ്ഞു.