ദനഹാ തിരുനാൾ ആചരണത്തിൽ അക്കരപ്പള്ളി പ്രകാശപൂരിതമായി..

ലോകത്തിന്റെ പ്രകാശമായ യേശുക്രിസ്തു തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തിയ ദിവസത്തിന്റെ അനുസ്മരണ ദിനമായ ദനഹാ തിരുനാൾ അഥവാ ‘പിണ്ടി കുത്തി’ തിരുനാൾ ദിവസം, കാഞ്ഞിരപ്പള്ളി പഴയപള്ളിയുടെ പരിസരത്ത് ആയിരക്കണക്കിന് മൺചിരാതുകളും, തിരികളും ഭക്തിപൂർവ്വം പ്രകാശിപ്പിച്ച് വിശ്വാസികൾ പരസ്പരം തിരുനാൾ മംഗളങ്ങൾ നേർന്നു. ദീപങ്ങളുടെയും അതു പരത്തുന്ന പ്രകാശത്തിന്റെയും തിരുനാളായാണ് പിണ്ടികുത്തി തിരുനാള്‍ പൊതുവിൽ അറിയപ്പെടുന്നത്.

കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ റംശാ നമസ്കാരത്തിന് കാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നൽകുകയും, പള്ളിമുറ്റത്ത് തയ്യാറാക്കിയിരുന്ന പിണ്ടിയിൽ ദീപം തെളിക്കുകയും ചെയ്തു. തുടർന്ന് സ്തോത്രഗീതങ്ങൾ ആലപിച്ചുകൊണ്ട്, വിശ്വാസികൾ പള്ളിയുടെ പരിസരത്ത് ആയിരക്കണക്കിന് ദീപങ്ങൾ തെളിയിച്ചു..

ഈശോമിശിഹായാകുന്നദൈവ സ്നേഹത്തിന്റെ വെളിപ്പെടുത്തലിനെ അനുഭവിച്ചറിഞ്ഞവർ ജീവിതസാക്ഷ്യത്തിലൂടെ സുവിശേഷ മൂല്യങ്ങളുടെ പ്രഘോഷകരാകണമെന്ന് മാർ ജോസ് പുളിക്കൽ. ലൗകിക താത്പര്യങ്ങളുടെ നുറുങ്ങു വെട്ടത്തിൽ വഴി നടക്കാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കുകയും ക്രമാനുഗതമായ ദൈവിക വെളിപാടിൻറെ പൂർണ്ണതയായ ഈശോമിശിഹായാകുന്ന വെളിച്ചത്തിൽ വഴി നടന്ന്  അനേകർക്ക് മാതൃകയും പ്രചോദനവുമാകുവാൻ നമുക്ക് കടമയുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ദനഹാ തിരുനാളിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ നടത്തപ്പെട്ട റംശ നമസ്കാരത്തിൽ വചനസന്ദേശം നല്കുകയായിരുന്നു മാർ ജോസ് പുളിക്കൽ . റംശ നമസ്കാരത്തോടനുബന്ധിച്ച് പള്ളിമുറ്റത്ത് തയ്യാറാക്കിയിരുന്നു പിണ്ടിയിൽ മാർ ജോസ് പുളിക്കൽ ദീപം തെളിക്കുകയും വിശ്വാസിസമൂഹം ഏൽ പയ്യാ , ദൈവം പ്രകാശമാകുന്നുവെന്ന ഗീതമാലപിക്കുകയും ചെയ്തു. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച ദനഹാ തിരുനാൾ തിരുക്കർമ്മങ്ങളിൽ കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിശ്വാസികൾ പങ്കുചേർന്നു. രൂപതയുടെ യുട്യൂബ് ചാനലുകളിലും ന്യൂവിഷൻ ടി.വി. ചാനലിലും തിരുനാൾ തിരുക്കർമ്മങ്ങൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.ഏറ്റവും മനോഹരമായി ദനഹാത്തിരുനാൾ ആചരണത്തിൽ പങ്കുചേരുന്ന ഭവനങ്ങളെയും പള്ളികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി വിശ്വാസജീവിതപരിശീലനകേന്ദ്രത്തിന്റെയും നസ്രാണിമാർഗം കൂട്ടായ്മയുടെയും നേതൃത്വത്തിൽ രൂപതാ തലത്തിൽ ‘ഓർമ്മയിലെ ദനഹാ’ എന്ന  പേരിൽ പ്രൊജക്റ്റ്‌ നടപ്പിലാക്കിയിരുന്നു. പഴയ പള്ളിയിലെ തിരുനാൾ തിരുക്കർമ്മങ്ങളുടെ ക്രമീകരണങ്ങൾക്ക് രൂപത വികാരി ജനറാളുമാരായ റവ.ഡോ ജോസഫ് വെള്ളറ്റം , റവ. ഡോ. കുര്യൻ താമരശ്ശേരി, കത്തീദ്രൽ വികാരി റവ.ഫാ. വർഗ്ഗീസ് പരിന്തിരിക്കൽ, റവ.ഫാ. ഇമ്മാനുവേൽ മങ്കത്താനം, റവ. ഫാ. പയസ് കൊച്ചു പറമ്പിൽ, റവ.ഫാ. ജോബി തെക്കേടത്ത്, സന്യാസിനികൾ , കത്തീദ്രൽ എസ് എം. വൈ എം, ഇടവക പ്രതിനിധികൾ എന്നിവർ നേതൃത്വം നല്കി.

error: Content is protected !!