കലിയിളകിയ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു ബോധരഹിതനായ യുവാവിനെ അഗ്നിശമനസേന ജീവനക്കാർ സാഹസികമായി രക്ഷപെടുത്തി ..

കാഞ്ഞിരപ്പള്ളി : കലിയിളകിയ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു അവശനായി ബോധരഹിതനായ യുവാവിനെ അഗ്നിശമനസേന ജീവനക്കാർ സാഹസികമായി രക്ഷപെടുത്തി ആശുപത്രിയിലാക്കി. കാഞ്ഞിരപ്പള്ളി നാച്ചി കോളനി പാലക്കുന്നേൽ ശിഹാബ് (40) നാണ് ഗുരുതരമായി തേനീച്ചയുടെ കുത്തേറ്റത്. ഇയാളെ സഹായിക്കുന്നതിനായി എത്തിയ അയൽവാസി കൊച്ചുപറമ്പിൽ ഷംനാദ് (27) നും കുത്തേറ്റു

വ്യാഴാഴ്ച രാവിലെ 10 മണിയോടെ പുരയിടത്തിൽ നിന്ന് ചേമ്പ് പിഴുതെടുക്കുമ്പോൾ ആയിരുന്നു തേനീച്ചയുടെ ആക്രമണം ഉണ്ടായത്. നിലത്ത് ചേമ്പിന്റെ അടിയിൽ കൂടുകൂട്ടിയിരുന്ന തേനീച്ചകൂട്ടം, ചേമ്പ് പറിച്ചതോടെ കലിയിളകി ശിഹാബിനെ ആക്രമിക്കുകയായിരുന്നു .കൂട്ടമായ എത്തിയ തേനീച്ചയുടെ ആക്രമണത്തിൽ രക്ഷപെടുന്നതിനായി ഓടി വീടിന്റെ മുറ്റത്ത് എത്തിപറ്റിയ ശിഹാബ്, അവിടെ കിടന്ന പടുതാ എടുത്തു കുത്തിൽ നിന്നും രക്ഷപെടുന്നതിനായി സ്വയം മൂടി അതിനുള്ളിൽ കിടന്നു. തീരെ അവശനായ ശിഹാബ് പടുത്തയുടെ അടിയിൽ ബോധരഹിതനായി പോയിരുന്നു.

സഹായിക്കാനായി ഓടിയെത്തിയ ഷംനാദ് തീ കത്തിച്ച് തേനീച്ചയെ അകറ്റാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഷംനാദിനെയും തേനീച്ചക്കൂട്ടം ആക്രമിച്ചു. തുടർന്ന് ഓടി രക്ഷപെട്ട ഷംനാദ് കാഞ്ഞരപ്പള്ളി അഗ്നിശമനസേന ഓഫീസിൽ വിവരമറിയിച്ചതിനെത്തുടർന്ന്
സേനാംഗങ്ങൾ എത്തി ശിഹാബിനെ സാഹസികമായി രക്ഷപെടുത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച്, ശിഹാബിന്റെ ശരീരത്തിൽ നിന്നും ഇരുപത്തഞ്ചോളം കൊല്ലികളാണ് നീക്കം ചെയ്തത്.

error: Content is protected !!