അറ്റകുറ്റപ്പണിക്കുശേഷം ഒരുമാസം കഴിഞ്ഞിട്ടും പഴയിടം കോസ്‌വേ തുറന്നില്ല..കാത്തിരുന്ന് മടുത്തതോടെ നാട്ടുകാർ പാലം തുറന്നു
ചെറുവള്ളി: പ്രളയത്തിൽ നാശമുണ്ടായ പഴയിടം കോസ് വേ അറ്റകുറ്റപ്പണിചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് തുറന്നുനൽകിയില്ല. ഇതേത്തുടർന്ന് നാട്ടുകാർ വീപ്പകൾ മാറ്റി പാലം തുറന്ന് വാഹനങ്ങളോടിച്ചുതുടങ്ങി.
15 ദിവസത്തിനുള്ളിൽ പാലം തുറക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും ഒരു മാസമായിട്ടും നടപടിയില്ലാത്തതിനാലാണ് പ്രദേശവാസികൾ ഗതാഗതം തുടങ്ങിയത്. ചെറുവള്ളി പള്ളിപ്പടിയിലെ ചെറുപാലം ഒലിച്ചുപോകുകയും ചേനപ്പാടി കടവനാൽകടവ് പാലം തകരാറിലാവുകയും ചെയ്തതോടെ കോസ് വേ മാത്രമായിരുന്നു ജനങ്ങളുടെ ആശ്രയം.
പാലത്തിന്റെ കൈവരികൾ മണിമലയാറ്റിലൊഴുകിയെത്തിയ തടികൾ ഇടിച്ച് തകർന്നത് പുനഃസ്ഥാപിക്കലും പാലത്തിന്റെ ഉപരിതലത്തിലെ കേടുപാട് തീർത്ത് കോൺക്രീറ്റിങ്ങുമാണ് നടത്തിയത്. പാലത്തിന്റെ കൈവരികൾ എല്ലാ മഴക്കാലത്തും തകരുന്നതിനാൽ എടുത്തുമാറ്റാവുന്ന രീതിയിലാണ് നിർമിച്ചത്. മണിമലയാറ്റിൽ കൂടുതൽ വെള്ളം നിറയുമ്പോൾ കൈവരികൾ പാലത്തിൽനിന്ന് ഊരിയെടുക്കും. വെള്ളം പാലത്തിന് മുകളിലൂടെ ഒഴുകുന്നതിന് തടസ്സമുണ്ടാകാതിരിക്കാനാണിത്.
പാലത്തിന്റെ കോൺക്രീറ്റിങ്ങിന് ശേഷം മുകളിൽ വെള്ളം കെട്ടിനിർത്തുന്നതിനായി കളംതിരിച്ച് കോൺക്രീറ്റ് വരമ്പുകൾ നിർമിച്ചത് തട്ടിക്കളഞ്ഞിട്ടില്ല. വാഹനമോടിച്ചു തുടങ്ങിയതോടെ ഇവ പൊളിഞ്ഞ് പൊടിശല്യമായി. മാത്രമല്ല, ചെറുവാഹനങ്ങൾ ഇതിനുമുകളിലൂടെ കടന്നുപോകുമ്പോൾ നിയന്ത്രണം നഷ്ടപ്പെടാനും എതിരേവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനും സാധ്യതയുണ്ട്.