കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനുള്ളിലെ കാത്തിരിപ്പുകേന്ദ്രം നശിപ്പിക്കാൻ സാമൂഹികവിരുദ്ധരുടെ ശ്രമം, കർശന നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത്..
കാഞ്ഞിരപ്പള്ളി: രണ്ടു വർഷങ്ങൾക്കു മുമ്പ് ഡോ. എൻ. ജയരാജ് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ മുടക്കി നവീകരിച്ച കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർക്കാൻ സാമൂഹ്യവിരുദ്ധരുടെ ശ്രമം. യാത്രക്കാർക്ക് വിശ്രമിക്കുന്നതായി നല്ല ഇരിപ്പിടങ്ങളും സ്റ്റീൽ കൊണ്ട് നിർമിച്ച ചുറ്റു വേലിയും സുരക്ഷിതമായി ഇരിക്കുന്നതിന് ഏറെ ഉപകാരപ്രദമായിരുന്നു. ഇരിപ്പിടവും അരികിലെ സുരക്ഷിത വേലികളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ചിലർ നശിപ്പിച്ചത്. ടൈലുകളും പൊട്ടിച്ചനിലയിലാണ്. പല ദിവസങ്ങളിലായി ഘട്ടം ഘട്ടമായിട്ടാണ് ഇവിടം നശിപ്പിക്കാൻ ശ്രമിച്ചത്.
പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും ഭരണസമിതി അംഗങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും കാത്തിരിപ്പുകേന്ദ്രം നശിപ്പിക്കാൻ ശ്രമിച്ചവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബി.ആർ. അൻഷാദും പഞ്ചായത്തംഗം ബിജു പത്യാലയും പറഞ്ഞു. ഇത്തരം പ്രവർത്തി ചെയ്ത സാമൂഹിക വിരുദ്ധരെക്കുറിച്ചു തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞത് .