റബർത്തടി തൊഴിലാളികളുടെ ഏകപക്ഷീയ കൂലിവർധന: പ്രതിഷേധം ശക്തം
റബർത്തടി (കട്ടൻസ്) തൊഴിലാളികൾ ഏകപക്ഷീയമായി കൂലിവർധന നടപ്പാക്കിയതിനെതിരെ പ്രതിഷേധം ശക്തം. റബർ തടിയുടെ യഥാർഥ ഉടമകളായ കർഷകരെ ഉൾപ്പെടുത്താതെ യൂണിയൻ നേതാക്കളും വ്യാപാരി പ്രതിനിധികളും മാത്രം ചർച്ച ചെയ്തു വർധന നടപ്പാക്കുന്ന രീതിക്കെതിരെയാണു പ്രതിഷേധമുയർന്നിരിക്കുന്നത്.
കൂലിവർധന അംഗീകരിക്കാനാവില്ലെന്നാണു കർഷകർ പറയുന്നത്. വിവിധ ജില്ലകളിൽ ഒരേ തൊഴിലിനു പല കൂലിയാണ് നിലവിലുള്ളത്. കട്ടൻസ് മേഖലയിൽ കൂലി ഏകീകരിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനോട് തൊഴിലാളി യൂണിയനുകൾ മുഖംതിരിഞ്ഞു നിൽക്കുകയാണ്.
റബർ കട്ടകൾ ലോറിയുടെ ചുവട്ടിൽനിന്നും പ്ലാറ്റ് ഫോമിൽ കയറ്റി അടുക്കുന്നതിനാണു പുതിയ കൂലി വർധന ബാധകമായിരിക്കുന്നത്. ഇതിനു പുറമേ മരം മുറിക്കൂലി, കണ്ടീരുകൂലി, ഷട്ടിൽ കൂലി, കെട്ടുകാശ്, ലോറി, ഹിറ്റാച്ചി, ജെസിബി വാടക, ഭക്ഷണച്ചെലവ് എന്നിവ വേറെയും വരും.
റബർ ഉത്പന്നങ്ങളായ ഷീറ്റ്, ലാറ്റക്സ്, ഒട്ടുപാൽ ഇവയുടെ വിലയിൽ അസ്ഥിരത തുടരുന്ന സാഹചര്യത്തിൽ ഭാരിച്ച നഷ്ടം സഹിച്ചു കൃഷി ചെയ്യുന്ന കർഷകന് ഒരുമിച്ച് ലഭിക്കുന്ന തടിയുടെ വില വലിയൊരു ആശ്രയമാണ്. ഈ പണമാണ് തുടർ കൃഷിക്കുള്ള കർഷകന്റെ മൂലധനവും.
റബർത്തടിയുടെ വിലയിൽ വർധന ഒന്നുമുണ്ടാകാത്ത ഈ സമയത്തും ഏകപക്ഷീയമായി നടപ്പാക്കുന്ന കൂലിവർധന കർഷകർക്ക് കനത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. ഇടനിലക്കാരുടെ ചൂഷണവും ഭാരിച്ച കൂലിയും കിഴിച്ച് യഥാർഥ അവകാശിയായ കർഷകനു മിച്ചമൊന്നുമില്ലാത്ത അവസ്ഥയിൽ റബർകൃഷിതന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണു കർഷകർ.
ഏകപക്ഷീയമായ കൂലി വർധനയിൽ കർഷകവേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കർഷകരെ പങ്കെടുപ്പിക്കാതെ കച്ചവടക്കാരും തൊഴിലാളി സംഘടനകളും ലേബർ ഓഫീസിൽ നടത്തിയ ചർച്ചയിലാണു കൂലിവർധന നടത്തിയത്. ഏകപക്ഷീയമായ കൂലിവർധനയ്ക്കെതിരേ കോടതിയെ സമീപിക്കുമെന്നു കർഷകവേദി തിടനാട് പഞ്ചായത്ത് ഭാരവാഹികളായ ജേക്കബ് സെബാസ്റ്റ്യൻ വെള്ളൂക്കുന്നേലും ടോമിച്ചൻ സ്കറിയ ഐക്കരയും പറഞ്ഞു.