ആശ്വാസം .. കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; കോട്ടയം ജില്ല “ബി’ കാറ്റഗറിയിൽ, നിയന്ത്രണങ്ങളിൽ ഇളവ്..
കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ കോട്ടയം ജില്ലയെ ’സി’ കാറ്റഗറിയിൽനിന്ന് ’ബി’ യിലേക്കു മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 30 ശതമാനത്തിനു താഴെ കോവിഡ് രോഗികളുടെ എണ്ണമായതിനാണ് കാറ്റഗറി മാറിയത്. ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ 27.63 ശതമാനം മാത്രമാണു കോവിഡ് രോഗികൾ. ബി കാറ്റഗറിയിലേക്ക് മാറിയിട്ടുണ്ടെങ്കിലും ജാഗ്രത തുടരണം.
കുടുംബം ഒന്നാകെ കോവിഡ് ബാധിതരായാൽ അവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡുതല ജാഗ്രതാ സമിതിയും നടപടി സ്വീകരിക്കണം. ജില്ലയിൽ 1012 പേരാണു കോവിഡ് ബാധിച്ച് ആശുപതികളിൽ ചികിത്സയിലുള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയടക്കം വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി കോവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റിവച്ച 2316 കിടക്കകളിൽ 43.69 ശതമാനം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. 1304 കിടക്കകൾ ഒഴിവുണ്ട്.
975 ഓക്സിജൻ കിടക്കകളിൽ 222 എണ്ണവും (22.76 ശതമാനം), 122 ഐസിയു കിടക്കകളിൽ 100 എണ്ണവും(82 ശതമാനം), 32 വെന്റിലേറ്ററുകളിൽ 12 എണ്ണവുമാണ് (37.50 ശതമാനം) ഉപയോഗിച്ചിട്ടുള്ളത്. ജില്ലയിൽ മൊത്തം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 3662 പേരിൽ 1012 പേർ മാത്രമാണു കോവിഡ് രോഗികൾ.