കരിഞ്ഞുണങ്ങി മലയോരം: കർഷകർ ആശങ്കയിൽ
February 20, 2020
വേനൽ ശക്തിപ്രാപിച്ചതോടെ മലയോരമേഖലയിലെ കർഷകരാണ് ഏറെയും ദുരിതത്തിലായത്. റബ്ബർ, വാഴ, ജാതി, കൈത തുടങ്ങിയ വിളകളെല്ലാം വാടിക്കരിഞ്ഞ് തുടങ്ങിയതോടെ കർഷകർ ആശങ്കയിലാണ്.
മുൻ വർഷങ്ങളിൽ ജനുവരി പാതിയോടെയും ഫെബ്രുവരി ആദ്യ വാരത്തോടെയും ആശ്വാസമായി വേനൽ മഴ കിട്ടിയിരുന്നു. എന്നാൽ, ഇക്കുറി വേനൽ ശക്തമായതോടെ കനത്ത നഷ്ടം ഉണ്ടാകുമെന്നാണ് കർഷകർ പറയുന്നത്. വേനലിനെ പ്രതിരോധിക്കാൻ ഓലമറയും പുല്ലും ചവറുകളുമിട്ട് താത്കാലിക സംരക്ഷണമൊരുക്കുകയാണ് കർഷകർ.
വാഴത്തോട്ടങ്ങൾ വാടി
ഓണവിപണി ലക്ഷ്യമിട്ട് വാഴ നട്ടവരാണ് ഏറെയും പ്രതിസന്ധിയിലായത്. നവംബർ, ഡിസംബർ മാസത്തിൽ നട്ട ഏത്തവാഴ ചൂടേറ്റ് വാടുകയും വെള്ളംവറ്റി പഴുത്തും തുടങ്ങി. വെള്ളമൊഴിച്ച് സംരക്ഷിക്കാൻ കഴിയാത്തതിനാൽ പുല്ലും ഇലകളുമിട്ട് താത്കാലിക സംരക്ഷണം ഒരുക്കുകയാണ്. സ്ഥിതി തുടർന്നാൽ വൻ നഷ്ടമാണ് കർഷകരെ കാത്തിരിക്കുന്നത്.
സ്ഥലം പാട്ടമെടുത്ത് കൃഷി നടത്തുന്നവരാണ് മിക്കവരും. പുതുതായി നട്ട റബ്ബർതൈകളും ചൂടേറ്റ് വാടിത്തുടങ്ങി. ചുട് കൂടിയതോടെ ഉയർന്ന പ്രദേശത്തെ തോട്ടങ്ങളിലെ തൈകൾ പഴുത്ത് ഉണങ്ങാൻ തുടങ്ങി. ചൂടിനെ തടയാനായി തൈകൾക്ക് വെള്ളമണ്ണ് പൂശുന്ന ജോലികൾ മിക്ക തോട്ടങ്ങളിലും നടത്തിയിട്ടുണ്ട്. കൂടാതെ ഓലകളും ചാക്കുകൾകൊണ്ട് താത്കാലിക മറകൾ നിർമിച്ച് സംരക്ഷണമൊരുക്കുകയാണ് ഇവർ.
കൈതക്കൃഷി നശിക്കുന്നു
പ്രദേശത്ത് റബ്ബറിനോടൊപ്പം ഏക്കർ കണക്കിന് സ്ഥലത്താണ് കൈതക്കൃഷി നടത്തുന്നത്. ചൂട് വർധിച്ചതോടെ കൈതച്ചെടികൾ വാടി പഴുത്തുതുടങ്ങി. പുതുതായി നട്ട തൈകളാണ് ഏറെയും നശിക്കുന്നത്. ചൂടേറ്റ് ചക്ക നശിക്കാതിരിക്കാൻ തമിഴ്‌നാട്ടിൽനിന്ന് മെടഞ്ഞ ഓലകൾ എത്തിച്ചാണ് സംരക്ഷിക്കുന്നത്. കൂടാതെ തണൽവലകൾ വിരിച്ചും ചൂടിനെ തടയാനുള്ള ശ്രമത്തിലാണ് കർഷകർ. ഇതിനായി വൻതുക അധികച്ചെലവ് വരുന്നതായി കർഷകർ പറയുന്നു. വർധിച്ച ഉത്പാദനച്ചെലവിന് പുറമേ കൃഷികളെ സംരക്ഷിക്കാനായി വേനൽക്കാലത്ത് കൂടുതൽ പണം മുടക്കേണ്ട സ്ഥിതിയാണ് കർഷകർക്ക്.
തൈകൾ ഉണങ്ങുന്നു
റബ്ബർതൈകൾക്ക് വെള്ളമണ്ണ് പൂശിയും ചവറുകൾ കൂട്ടിയും സംരക്ഷണം ഒരുക്കിയിട്ടുണ്ട്. പക്ഷേ, ചൂട്് കൂടുന്നതിനാൽ നിരവധി തൈകളാണ് ഉണങ്ങിപ്പോകുന്നത്-അഷറഫ്, കാടമ്പറമ്പിൽ, റബ്ബർകർഷകൻ