പാമ്പാവാലി കാളകെട്ടിയിലെ ആശുപത്രിയ്ക്ക് സ്ഥലം മാറ്റമില്ല.
കണമല : കാളകെട്ടി അഴുതയിൽ നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം പൊളിച്ചു മാറ്റി അവിടെ തന്നെ പുതിയ ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. വിഷയം പ്രത്യേക അജണ്ടയായി വിളിച്ചു ചേർത്ത കമ്മറ്റിയിലാണ് ഈ തീരുമാനം. മറ്റൊരു സ്ഥലം നൽകാമെന്നും അവിടേക്ക് മാറ്റി ആശുപത്രി നിർമിക്കണമെന്നും പഴയ സ്ഥലം തിരിച്ചു നൽകണമെന്നും അഴുത ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിന്റെ ഭരണസമിതിക്ക് വേണ്ടി അഖില തിരുവിതാംകൂർ മലയരയ മഹാസഭ ആവശ്യപ്പെട്ടിരുന്നു. ഇത് പാടില്ലന്ന് വാർഡ് മെമ്പർ ഉൾപ്പടെ ഒരു പറ്റം നാട്ടുകാർ നിവേദനം നൽകിയിരുന്നു. തുടർന്ന് ഇരു വിഭാഗവുമായി പഞ്ചായത്ത് ഓഫീസിൽ ഹിയറിങ്ങ് നടത്തിയ ശേഷം ആണ് പഞ്ചായത്ത് കമ്മറ്റി ചേർന്ന് തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റ് അമ്പിളി സജീവൻ, വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം, വികസന കാര്യ ചെയർമാൻ നാസർ പനച്ചി, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബിനോയ്, സെക്രട്ടറി ബി മഞ്ജു എന്നിവർ അറിയിച്ചു.
അഴുതയിലെ ക്ഷേത്രത്തിനോട് ചേർന്നുള്ള സ്ഥലത്താണ് ആശുപത്രി. അമ്പത് വർഷം മുമ്പ് ക്ഷേത്ര ഭരണസമിതി ഈ സ്ഥലം പഞ്ചായത്തിന് വിട്ടുനൽകിയതാണ്. പുതിയ ആശുപത്രി നിർമാണത്തിന് എൻആർഎച്ച്എം ഫണ്ടിൽ 55 ലക്ഷം ആണ് അനുവദിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ മൂല്യ നിർണയം നടത്തിയ ശേഷം പഴയ കെട്ടിടം പൊളിക്കാൻ ടെൻഡർ നൽകുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ഒപ്പം പുതിയ കെട്ടിട നിർമാണത്തിനും ടെൻഡർ നൽകും. അതേസമയം പഞ്ചായത്ത് തീരുമാനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കാനാണ് ക്ഷേത്ര ഭരണസമിതി ഒരുങ്ങുന്നത്.
