ദുബായിലെ വമ്പൻ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി പശുവളർത്തൽ തുടങ്ങിയ ഷിബുമോൻ വിജയത്തിന്റെ സോപാനത്തിൽ..
Posted on May 31, 2017
കാഞ്ഞിരപ്പള്ളി :ദുബായിലെ വമ്പൻ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയ ഷിബുമോൻ ഇനി ദുബായിലേക്കില്ലന്നും , നാട്ടിൽ പശുവളർത്തൽ ആരംഭിക്കുവാൻ പോവുകയാണെന്നും അറിയിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും അന്തംവിട്ടു. എന്നാൽ ഭാര്യ സ്മിത ഷിബുവിനൊപ്പം നിന്നപ്പോൾ
പ്രതിബന്ധങ്ങളെല്ലാം തട്ടിത്തെറിപ്പിച്ചു ദമ്പതികൾ ഇപ്പോൾ വിജയഗാഥകൾ രചിക്കുന്നു. ഷിബുവിനെ ഗ്രാമം മുഴുവനും ഇപ്പോൾ ഷിബു തുടങ്ങിവച്ച പശുവളർത്തൽ നടത്തി നല്ല വരുമാനം നേടുന്നു …
കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ മൂന്നു തവണ മാതൃക ക്ഷീര കര്‍ഷകര്‍ക്കുള്ള പുരസ്‌ക്കാരം നേടിയ മാഞ്ഞൂകുളം പറയ്ക്കാംപുറത്ത് എസ്. ഷിബു മോന്‍ -സ്മിത ദമ്പതികളാണ് ക്ഷീര മേഖലയില്‍ നാടിനു തന്നെ മാതൃകയായി മാറുന്നത്. ഇവരുടെ കഠിനപ്രയത്‌നം മാതൃകയാക്കിയ മാഞ്ഞൂകുളം നിവാസികളിൽ ഭൂരിഭാഗവും ഇപ്പോൾ പശു വളർത്തൽ തങ്ങളുടെ മുഖ്യ ജോലിയായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഭൂരിഭാഗം ജനങ്ങളും ഈ മേഖല തെരഞ്ഞെടുത്തതോടെ മാഞ്ഞുകുളം ഇന്ന് ക്ഷീരഗ്രാമമായി മാറിയിരിക്കുകയാണ്. ഇവിടുത്തെ 90 ശതമാനം വീടുകളിലും ഇന്നും കന്നുകാലികളെ വളര്‍ത്തുന്നു.
ദുബായിൽ പതിമൂന്ന് വര്‍ഷമായി സ്വകാര്യ കമ്പിനിയില്‍ മാനേജറായി ജോലി ചെയ്തതിനു ശേഷം നാട്ടിലെത്തിയ ഷിബു പശുവളര്‍ത്തല്‍ തെരഞ്ഞെടുക്കുകയായിരുന്നു. നാലു വര്‍ഷം മുന്‍പ് രണ്ട് പശുക്കളുമായി ആരംഭിച്ച സംരംഭം ഇന്ന് പതിനെട്ടോളം പശുക്കളടങ്ങുന്ന വലിയൊരു ഫാമാക്കി മാറ്റി. കാലിത്തീറ്റയ്ക്ക് വില വര്‍ധിച്ചതോടെ കാലിവളര്‍ത്തല്‍ ഏറെ പ്രതിസന്ധി നേരിടുന്നതിന് പരിഹാരമായി പുതിയ കാലിത്തീറ്റ ഫാക്ടറിക്ക് തുടക്കം കുറിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. കാഡ്‌കോ കമ്പനിയുമായി ചേര്‍ന്ന് സംരംഭം ആരംഭിക്കുന്നതിന് ഷിബു നേതൃത്വം നല്‍കുന്നു. തമിഴ്‌നാട്ടില്‍ നിന്നും മേസ്, ചോളം, തവിട്, തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് വാങ്ങി രാസവസ്തുക്കള്‍ അടങ്ങാത്ത ഗുണമേന്‍മയുള്ള കാലീത്തീറ്റ നിര്‍മിക്കുന്നതാണ് പദ്ധതി.
എച്ച് .എഫ്, ജേഴ്‌സി, സ്വിസ്ബ്രൗണ്‍ ഇനത്തില്‍പ്പെട്ട പശുക്കളാണ് ഇവിടെ വളര്‍ത്തുന്നത്. ദിവസം തോറും 200 ലിറ്ററോളം പാല്‍ ലഭിക്കുന്നു. പശുക്കളെ കൂടാതെ പോത്തുവളര്‍ത്തലും ഫാമില്‍ ആരംഭിച്ചിട്ടുണ്ട്. തന്റെ പുരയിടത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പുല്‍കൃഷിയും, ജൈവപച്ചക്കറി കൃഷിയുമൊക്കെ ഇവര്‍ നടത്തുന്നു. പശുവളര്‍ത്തലില്‍ പരിചരണം ഉള്‍പ്പെടെ എല്ലാ സഹായവുമായി പത്താം ക്‌ളാസ് കഴിഞ്ഞ മകന്‍ കണ്ണന്‍ മാതാപിതാക്കള്‍ക്കൊപ്പമുണ്ട്.
പോത്തുകളെ വളർത്തി മാംസത്തിന് വേണ്ടി വിൽക്കുവാൻ ഒരുപോത്തുഫാം ആർമഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഷിബു. രണ്ടു പോത്തുകളെ വാങ്ങി കഴിഞ്ഞു. ഒരു ഫാം ടൂറിസം നടത്തുവാനും ഷിബുവിന് പ്ലാൻ ഉണ്ട്.
ക്ഷീര മേഖലയിലേക്ക് ഇറങ്ങുവാൻ താല്പര്യം ഉള്ള എല്ലാവര്ക്കും തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുവാൻ ഷിബു തയ്യാറാണ്. ആത്മാർത്ഥമായി അർപ്പണബോധത്തോടെ പശുവളർത്തലിലേക്കു തിരിഞ്ഞാൽ നല്ല വരുമാനം ഉണ്ടാക്കാമെന്ന് ഷിബുവും സ്മിതയും ഒറ്റസ്വരത്തിൽ പറയുന്നു. എന്നാൽ പാതിമനസ്സോടെയാണ് ഈ മേഖലയിലേക്കു ഇറങ്ങുന്നതെങ്കിൽ നഷ്ടം സമഭാവിക്കുവാൻ സാധ്യതയുണ്ടെന്ന് സ്മിത മുന്നറിയിപ്പും നൽകുന്നുണ്ട്..
റബ്ബർ കൃഷി നടത്തി, വിലയിടിവ് മൂലം നട്ടം തിരിയുന്ന കർഷകർ ഇത്തരം സംരഭത്തിലേക്ക് മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.