ബജറ്റിൽ എരുമേലിയ്ക്ക് അവഗണന : പ്രതീക്ഷിച്ച പദ്ധതികൾ ഒന്നുമില്ല..
എരുമേലി : സംസ്ഥാന ബജറ്റിൽ എരുമേലിക്ക് പൂർണ നിരാശ മാത്രം. സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവള പദ്ധതിയായിട്ടും ബജറ്റിൽ എരുമേലി വിമാനത്താവളത്തെ പറ്റി പരാമർശമില്ല. സംസ്ഥാനത്തെ പുതിയ റെയിൽപാതയായ ശബരി റെയിൽവേ സംബന്ധിച്ചും പരാമർശമില്ല. ഈ രണ്ട് പദ്ധതികളിലും ഇനി എന്ത് എന്നതിനെ കുറിച്ച് ഇത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. എരുമേലി വിഭജിച്ച് രണ്ട് പഞ്ചായത്ത് ആക്കുമെന്ന വാഗ്ദാനവും ബജറ്റിൽ ഇടം പിടിച്ചില്ല. മൂലക്കയത്ത് ചെക്ക് ഡാമും പാലവും നിർമിക്കുമെന്ന വാഗ്ദാനവും ബജറ്റിൽ എത്തിയില്ല. സർക്കാർ ആശുപത്രിയെയും ബജറ്റിൽ പൂർണമായും തഴഞ്ഞു. മുമ്പ് അനുവദിച്ച ഫയർ സ്റ്റേഷനും ഇത്തവണത്തെ ബജറ്റിലില്ല. ചേനപ്പാടി മാടപ്പാട്ട് സ്റ്റേഡിയ നിർമാണത്തിന് മുൻ ബജറ്റിൽ അനുവദിച്ച ഒരു കോടി ഈ ബജറ്റിൽ ആവിയായി. എരുമേലി മാസ്റ്റർ പ്ലാൻ രണ്ടാംഘട്ടവും ബജറ്റിൽ ഇല്ല. ഒന്നാം ഘട്ടം മുൻ സർക്കാർ നടത്തിയിരുന്നു.ചുരുക്കത്തിൽ എരുമേലിക്ക് ബജറ്റിൽ അവഗണന മാത്രമാണ് ദൃശ്യമാകുന്നതെന്നാണ് ആക്ഷേപം.
ആകെ രണ്ട് കോടി.
ബജറ്റിൽ എരുമേലിക്ക് ആകെയുള്ളത് രണ്ട് പദ്ധതികളാണ്. എരുമേലിക്ക് തിരുപ്പതി മോഡൽ പൈതൃക നഗരത്തിന്റെ സാധ്യത പഠനത്തിനും കണമല ബദൽ പാതയ്ക്കും ഒരു കോടി വീതമാണ് ആകെയുള്ള രണ്ട് പദ്ധതികൾ. സാധ്യത പഠനത്തിന് ഒരു കോടി വകയിരുത്തിയെങ്കിലും 20 ലക്ഷം ആണ് അനുവദിച്ചിട്ടുള്ളത്. തിരുപ്പതി മോഡൽ സാധ്യമാക്കണമെങ്കിൽ തിക്കും തിരക്കും ഇല്ലാത്ത വിധം റോഡ്, വെള്ളം, ഉൾപ്പടെ അടിസ്ഥാന സൗകര്യങ്ങൾ വേണമെന്നിരിക്കെ പഠനം അല്ല പരിഹാരമെന്ന് ആക്ഷേപമുണ്ട്. കണമല ഇറക്കത്തിൽ ശബരിമല സീസണിൽ അപകടങ്ങൾ വർധിക്കുന്നതിന് പരിഹാരമായാണ് ആറ് കോടി ചെലവിട്ട് എരുത്വാപ്പുഴ വഴി ബദൽ പാത നിർമിച്ചത്. നിർമാണത്തിലെ അപാകത മൂലം അപകടകരമായി മാറിയ ഈ റോഡ് പ്രളയത്തിൽ തകർന്നതോടെ ഇനി പുനർ നിർമാണത്തിന് ഒരു കോടി മതിയാകില്ല.
ആശുപത്രിയെ തഴഞ്ഞു.
ശബരിമല തീർത്ഥാടന കേന്ദ്രം അല്ലാഞ്ഞിട്ടും മുണ്ടക്കയത്ത് സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ബജറ്റിൽ ഉയർത്തി. അതേസമയം ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന എരുമേലിയിലെ സർക്കാർ ആശുപത്രിയെ ആണ് താലൂക്ക് ആശുപത്രിയായി ഉയർത്തേണ്ടിയിരുന്നത്. എന്നാൽ അതുണ്ടായില്ലന്ന് മാത്രമല്ല എക്‌സറേ യുണിറ്റ് പോലും ഈ ആശുപത്രിയിൽ ബജറ്റിൽ ഇല്ല. രണ്ടര മാസത്തെ ശബരിമല സീസണിൽ ഒരു ദിവസം കുറഞ്ഞത് അഞ്ച് അപകടങ്ങൾ എങ്കിലും ഉണ്ടാകുന്നെന്നാണ് കണക്ക്. പരിക്ക് പറ്റി എരുമേലി ആശുപത്രിയിൽ എത്തുന്നവരെ എക്‌സറേ യുണിറ്റ് ഇല്ലാത്തതിനാൽ കിലോമീറ്ററുകൾ അകലെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്കും കോട്ടയം മെഡിക്കൽ കോളേജിലേക്കും പറഞ്ഞു വിടുകയാണ്.
ഫയർ സ്റ്റേഷൻ മുങ്ങി.
2012 ൽ അനുവദിച്ച സ്ഥിരം ഫയർ സ്റ്റേഷൻ ഇത്തവണ ബജറ്റിൽ ഇല്ലാത്തതിനാൽ പ്രതീക്ഷ പൊലിഞ്ഞു. ഫയർ സ്റ്റേഷന് സ്ഥലം കണ്ടെത്തി നൽകാൻ പഞ്ചായത്ത് നടപടികൾ സ്വീകരിച്ചതിന് പിന്നാലെ ആണ് ബജറ്റിൽ ഉൾപ്പെടാതെ പോയത്.
